റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളുടെയും വ്യാപാരികളുടെയും യോഗം 11ന്
കൊല്ലം: വീടായാലും കടയായാലും കവർച്ച നടക്കാതിരിക്കാൻ ഹൈടെക് സുരക്ഷ ഒരുക്കാൻ പൊലീസ് രംഗത്ത്. കെൽട്രോണിന്റെ സംവിധാനമാണ് പൊലീസ് സജ്ജമാക്കുന്നത്. ഇരുപത്തിനാലു മണിക്കൂറും വീടുകളും സ്ഥാപനങ്ങളും പൊലീസിന്റെ സുരക്ഷാ വലയത്തിലാക്കാൻ ഈ സംവിധാനം പ്രയോജനപ്പെടും. 'സെൻട്രൽ ഇൻട്രൂഷൻ മോണിട്ടറിംഗ് ' സംവിധാനം എന്നാണ് ഇതറിയപ്പെടുന്നത്. കൊല്ലം സിറ്റി പൊലീസ് പരിധിയിലാണ് ഇപ്പോൾ നടപ്പാക്കുന്നത്.
11ന് രാവിലെ 10ന് കൊല്ലം എ.ആർ. ക്യാമ്പ് കോൺഫറൻസ് ഹാളിൽ നടക്കുന്ന റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളുടെയും വ്യാപാരികളുടെയും ധനകാര്യ സ്ഥാപന ഉടമകളുടെയും യോഗത്തിൽ കെൽട്രോൺ പ്രതിനിധികൾ പദ്ധതി വിശദീകരിക്കും.
സദാസമയവും പ്രവർത്തന സജ്ജമായ കാമറയിലെ സെൻസറുകൾ വിവിധ തരത്തിലുള്ള ചലനങ്ങളെ തിരിച്ചറിഞ്ഞ് അലാറം മുഴക്കുകയും കൺട്രോൾ റൂമിലേക്ക് സന്ദേശം കൈമാറുകയും ചെയ്യും. കവർച്ചാശ്രമം ഉണ്ടാകുമ്പോൾ വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാപിക്കുന്ന ഉപകരണങ്ങളിൽ നിന്ന് മൂന്ന് സെക്കന്റിനകം സംസ്ഥാന പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിലേക്ക് സന്ദേശമെത്തും. അവിടെ നിന്ന് ഉടൻ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് വിവരം കൈമാറും. പാഞ്ഞെത്തുന്ന പൊലീസ് സംഘം ഒന്നുകിൽ കവർച്ചയ്ക്ക് മുൻപ് അല്ലെങ്കിൽ കവർച്ച നടക്കുമ്പോൾ തന്നെ പ്രതികളെ കീഴടക്കും.
നിരീക്ഷണ സംവിധാനം സ്ഥാപിക്കുന്നതിന് നിശ്ചിത തുക വീട്ടുടമകളും കച്ചവടസ്ഥാപന ഉടമകളും പൊലീസിന് നൽകണം. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന യോഗത്തിൽ ബന്ധപ്പെട്ടവർ പങ്കെടുക്കണമെന്ന് സിറ്റി പൊലീസ് കമ്മിഷണർ പി.കെ. മധു അറിയിച്ചു.