priya
പ്രിയ

കൊല്ലം: രണ്ടു കൊല്ലമായി പൊലീസുകാരനായ ഭർത്താവിൽ നിന്ന് നീതിതേടി അലയുകയാണ് അഞ്ചാലുംമൂട് സ്വദേശിനി പ്രിയ. ഓട്ടിസം ബാധിച്ച മൂത്തമകൾക്ക് അച്ഛനോടാണ് കൂടുതൽ ഇഷ്ടം. താമസിക്കുന്ന ആശ്രാമം പൊലീസ് ക്വാർട്ടേഴ്സിന് പുറത്ത് ബൈക്കിന്റെ ശബ്ദം കേട്ടാൽ അപ്പാ... അപ്പാ... എന്ന് വിളിച്ച് പ്രതീക്ഷയോടെ നോക്കിയിരിക്കും ഈ പതിമൂന്നുകാരി.

എട്ടുവയസുകാരിയായ ഇളയവൾക്ക് കാഴ്ചക്കുറവുണ്ട്. മക്കളുടെ ചികിത്സയും പഠിത്തവും വീട്ടിലെ ചെലവും എല്ലാമായി ഒറ്റയ്ക്ക് കഷ്ടപ്പെടുകയാണ് പ്രിയ. പറക്കമുറ്രാത്ത കുഞ്ഞുങ്ങളുമായി പ്രിയ കയറി ഇറങ്ങാത്ത ഓഫീസുകളില്ല. മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും കാര്യമായ നടപടികൾ ഉണ്ടാകാത്തതിനെ തുട‌ർന്നാണ് കൊല്ലത്ത് സംസ്ഥാന പൊലീസ് മേധാവി നടത്തിയ അദാലത്തിലെത്തി പ്രിയ പരാതി പറഞ്ഞത്.

പ്രിയയ്ക്ക് ജോലിക്കായി ബയോഡാറ്റ സമർപ്പിക്കാൻ അദാലത്തിൽ നിർദ്ദേശമുണ്ടായി. മക്കളുടെ പഠിപ്പിനും ചികിത്സയ്ക്കും ചെറിയ ആശ്വാസം ജോലിയിലൂടെ ലഭിക്കുമെന്ന പ്രതീക്ഷ പുലർത്തുമ്പോഴും ഇതുവരെയും ഇതു സംബന്ധിച്ച നടപടികൾ ഉണ്ടാകാത്തതിന്റെ ആശങ്ക വേട്ടയാടുകയാണ്. എസ്.ഐ തസ്തികയിൽ ജോലി ചെയ്യുകയാണ് പ്രിയയുടെ ഭർത്താവ്. രണ്ടുവർഷം മുമ്പ് നടന്ന പൂർവ വിദ്യാർത്ഥി സംഗമത്തിൽ കണ്ടുമുട്ടിയ സഹപാഠിയും ഭർതൃമതിയുമായ സ്ത്രീക്കൊപ്പമാണ് ഇപ്പോൾ താമസം. മാസം 5000 രൂപ ഇയാൾ ചെലവിനായി നൽകുന്നുണ്ട്. വിവാഹത്തിന് പ്രിയക്ക് ലഭിച്ച സ്വ‌‌ർണവും വീടുമെല്ലാം ഭർത്താവിന്റെ കടം തീർക്കാനായി വിറ്റു. ഇപ്പോൾ സ്വന്തമായി തല ചായ്ക്കാൻ ഒരിടമില്ലാതെ സുഖമില്ലാത്ത മക്കളുമായി ജീവിതം തള്ളിനീക്കുകയാണ്.