meera
മീര ടീച്ചർ

പത്തനാപുരം: പകർന്നുകിട്ടിയ അറിവും അക്ഷരങ്ങളുടെ കൂട്ടും കുട്ടികൾക്ക് പകർന്നുനൽകി അദ്ധ്യാപന മികവിലൂടെ ദേശീയ അദ്ധ്യാപക അവാർഡ് കരസ്ഥമാക്കിയ മീര കുന്നിക്കോട്ടുകാരുടെ സ്വന്തം ടീച്ചറാണ്. കർഷക അവാർഡ്‌, കലാപ്രതിഭ അവാർഡ്‌, രാഷ്ട്രീയ രംഗത്തെ മികച്ച പ്രവർത്തക, മറ്റ് ബഹുമുഖ അംഗീകാരങ്ങൾ തുടങ്ങിയവ മീര ടീച്ചറുടെ കരിയറിന് മാറ്റുകൂട്ടുന്നു.

കല, രാഷ്ട്രീയം, സാംസ്കാരികം, ജീവകാര്യണ്യം, അദ്ധ്യാപനം, പരിസ്ഥിതി പ്രവർത്തനം തുടങ്ങിയ മേഖലകളിലും ടീച്ചർ വ്യക്തിമുദ്ര പതിപ്പിച്ചു. അച്ഛൻ പി. രാമചന്ദ്രൻ നായരും (മാമി സാർ ) കോളേജ് അദ്ധ്യാപികയായ അമ്മ രാജലക്ഷ്മി അമ്മയുമായിരുന്നു ടീച്ചർക്ക് എന്നും പ്രചോദനം. തിരുവനന്തപുരം വിമൺസ് കോളേജിലാണ് പ്രീ ഡിഗ്രിക്ക് പഠിച്ചത്. ശ്രീരാമകൃഷ്ണ ശാരദാ മഠത്തിലായിരുന്നു താമസം.

അദ്ധ്യാപനവും ആദ്ധ്യാത്മികതയും ജീവിതവും

തമിഴ്നാട് കാർഷിക സർവകലാശാലയിൽ നിന്നാണ് മീര ടീച്ചർ സോയിൽ സയൻസ് ആൻഡ് അഗ്രിക്കൾച്ചറൽ കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം നേടിയത്. പിന്നീട് വിവിധ സർക്കാർ വകുപ്പുകളിൽ സേവനമനുഷ്ഠിച്ചു. 2005ൽ നാഷണൽ സർവീസ് സ്‌കീമിന്റെ പ്രോഗ്രാം ഓഫീസറായി. എട്ട് വർഷത്തെ എൻ.എസ്.എസ് സേവനം വ്യക്തി ജീവിതത്തിൽ മാറ്റങ്ങൾ വരുത്തി. 2000 ഡിസംബർ 18നാണ് ഇപ്പോൾ ജോലി നോക്കുന്ന എ.പി.പി.എം.വി എച്ച്.എസ്.എസിൽ കാർഷിക വിഭാഗം മേധാവിയായി ജോലിയിൽ പ്രവേശിച്ചത്. 2013ലാണ് ആത്മീയ ഗുരുവായ ചിങ്ങോലി ആശ്രമത്തിലെ സദ്ഗുരു രമാദേവിയെ കണ്ടുമുട്ടിയത്. ബ്രഹ്മാനന്ദ ശിവ പ്രഭാകര സിദ്ധ യോഗീശ്വര പരമഹംസരുടെ ശിഷ്യയായ അമ്മയെ കണ്ടുമുട്ടിയത് ജീവിതത്തിൽ പുതിയ അർത്ഥം പകർന്നുനൽകി. വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും കൂടുതൽ ആത്മവിശ്വാസം നൽകുന്നതായിരുന്നു ആ കണ്ടുമുട്ടൽ. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ്‌ ആർ. ചന്ദ്രശേഖരന്റെ നിർദ്ദേശ പ്രകാരം രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞു.

ഭർത്താവ് ഗോപീകൃഷ്ണൻ കൊട്ടാരക്കരയിലെ എൽ.ഐ.സി ഡെവലപ്പ്മെന്റ് ഓഫീസറാണ്. മൂത്ത മകൾ ഗോപിക ആലപ്പുഴ മെഡിക്കൽ കോളേജിൽ രണ്ടാംവർഷ എം.ബി.ബി.എസിന് പഠിക്കുന്നു. പ്ളസ് ടു വിദ്യാർത്ഥി ശിവറാമാണ് മകൻ. ജ്യേഷ്ഠ സഹോദരി ഡോ. ലക്ഷ്മി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പീഡിയാട്രീഷ്യനാണ്. മീര ടീച്ചറുടെ ഇളയ സഹോദരൻ ആർ. പദ്മഗിരീഷാണ് എ.പി.പി.എം.വി എച്ച്.എസ്.എസ്,​ പി.ആർ.എൻ.എം സ്‌കൂളുകളുടെ മാനേജർ. മീരടീച്ചർ മാനേജ്മെന്റ് കമ്മിറ്റി അംഗവുമാണ്.