c
പാരിപ്പള്ളി ജംഗ്ഷൻ

കൊല്ലം: ദേശീയപാതാ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട അലൈൻമെന്റിലെ അനിശ്ചിതത്വവും നഷ്ടപരിഹാര പാക്കേജ് വൈകുന്നതും പാരിപ്പള്ളിയിലെ വ്യാപാരികളെ ആശങ്കയിലാക്കുന്നു. പാരിപ്പള്ളി ജംഗ്ഷനിലെ ഇരുന്നൂറോളം വ്യാപാര സ്ഥാപനങ്ങളിൽ പകുതിയോളവും പൂർണമായും ശേഷിക്കുന്നവ ഭാഗികമായും നഷ്ടമാകുന്ന തരത്തിലാണ് നിലവിലെ അലൈൻമെന്റ്. ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിൽ പകുതിയിൽ താഴെ മാത്രമാണ് സ്ഥലമുടമകൾ തന്നെ നടത്തുന്നത്. ശേഷിക്കുന്നവയെല്ലാം വാടകക്കാർ നടത്തുന്നവയാണ്. കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്നതോടെ വാടകക്കെട്ടിടങ്ങളിൽ കച്ചവടം നടത്തിയിരുന്നവർ ഉപജീവനത്തിന് നിവൃത്തിയില്ലാതെ വഴിയാധാരമാകും. ആയിരത്തോളം ജീവനക്കാർക്കും തൊഴിൽ നഷ്ടമാകും.

നഷ്ടപരിഹാര പാക്കേജിന്റെ കാര്യത്തിൽ അവ്യക്തത

ജീവനക്കാരുടെ പുനരധിവാസത്തിന് നഷ്ടപരിഹാര പാക്കേജിന്റെ ഭാഗമായി സാമ്പത്തിക സഹായം ലഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും അക്കാര്യത്തിൽ യാതൊരു വ്യക്തതയുമില്ല. എന്നാൽ കെട്ടിടത്തിൽ അടിസ്ഥാന സൗകര്യം ഒരുക്കാൻ കച്ചവടക്കാർ അധികമായി ചെലവിട്ട തുക നഷ്ടമാകും. വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വ്യാപാരികളിൽ ഭൂരിഭാഗവും ഇത്തരത്തിൽ ലക്ഷങ്ങൾ ചെലവിട്ട് നവീകരണം നടത്തിയിട്ടുണ്ട്. സ്വന്തം സ്ഥലത്ത് ലക്ഷങ്ങൾ ബാങ്ക് വായ്പയെടുത്ത് കെട്ടിടങ്ങൾ നിർമ്മിച്ച കച്ചവടക്കാരുമുണ്ട്. ഭൂമിയുടെയും കെട്ടിടത്തിന്റെയും സിംഹഭാഗവും നഷ്ടപ്പെടുന്നവർക്ക് ശേഷിക്കുന്ന സ്ഥലത്ത് കച്ചവടം തുടരാനുമാകില്ല.

ദേശീയപാതാ വികസനത്തിനുള്ള നിലവിലെ അലൈൻമെന്റ് അശാസ്ത്രീയമാണ്. പല അപാകതകളും സംഭവിച്ചിട്ടുണ്ട്. നഷ്ടപരിഹാരവും പുനരധിവാസവും സംബന്ധിച്ച് യാതൊരു വ്യക്തതയുമില്ല. സർക്കാർ സംവിധാനങ്ങളിൽ നിന്ന് ഇതുസംബന്ധിച്ച് കൃത്യമായ വിവരങ്ങളൊന്നും ലഭിക്കുന്നില്ല

രാജൻ കുറുപ്പ് (വ്യാപാരി വ്യവസായി ഏകോപന സമിതി, പാരിപ്പള്ളി യൂണിറ്റ് പ്രസിഡന്റ് )

നടപ്പാത സഹിതം നിലവിൽ ദേശീയപാതയ്ക്ക് 30.5 മീറ്റർ വീതിയുണ്ട്. ഈ സ്ഥലം പ്രയോജനപ്പെടുത്തി നാല് വരിപ്പാത നിർമ്മിക്കാനുള്ള രൂപരേഖ തയ്യാറാക്കി പ്രധാനമന്ത്രിക്ക് അയച്ചിട്ടുണ്ട്. നാല് വരിപ്പാതയ്ക്ക് യഥാർത്ഥത്തിൽ 14 മീറ്രർ മതി. രണ്ട് മീറ്റർ നടപ്പാതയ്ക്ക് നീക്കി വയ്ക്കണം. അധികമുള്ള സ്ഥലം റോഡിന് നടുവിൽ ഒഴിച്ചിട്ട് തൂണുകൾ ഉയർത്തി നാല് വരി ഫ്ലൈ ഓവർ നിർമ്മിക്കാം. കോടികൾ മുടക്കിയുള്ള സ്ഥലമേറ്റെടുപ്പ് ഒഴിവാക്കി ഇത്തരം നിർദ്ദേശങ്ങൾ പരിഗണിക്കണം.

ഡി. ശശിധരൻ (ശശിരാജ് സ്റ്റോഴ്സ്)