dam
തെന്മല പരപ്പാർ അണക്കെട്ടിൽ നിന്നുളള വൈദ്യുതി ഉൽപ്പാദനം പരിമിതപ്പെടുത്തിയതോടെ കല്ലടയാറ്റിലെ ഒറ്റക്കൽ തടയണ വരണ്ട നിലയിൽ

പുനലൂർ: വേനൽ രൂക്ഷമായതിനെ തുടർന്ന് തെന്മല പരപ്പാർ അണക്കെട്ടിൽ നിന്നുള്ള വൈദ്യുതി ഉൽപാദനം ഗണ്യമായി കുറച്ചു. കല്ലട ഇറിഗേഷന്റെ ഇടത്, വലതുകര കനാലുകൾ വഴിയുള്ള വേനൽക്കാല ജലവിതരണത്തിന് ആവശ്യമായ വെള്ളം അണക്കെട്ടിൽ സംഭരിക്കാനാണ് ഉൽപ്പാദനം കുറച്ചതെന്നാണ് അധികൃതർ പറഞ്ഞു. ഈ മാസം അവസാനത്തോടെ കനാലുകൾ വഴി ജല വിതരണം ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിന് മുന്നോടിയായി രണ്ട് കനാലുകളുടെയും പുനരുദ്ധാരണ ജോലികൾ പുരോഗമിക്കുകയാണ്.

തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചാണ് കനാലുകൾ വൃത്തി യാക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വേനൽക്കാല കൃഷിയെ ലക്ഷ്യമിട്ടാണ് രണ്ട് കനാലുകൾ വഴി വെള്ളം ഒഴുക്കുന്നത്. വൈദ്യുതി ഉൽപ്പാദിപ്പിച്ച ശേഷമുള്ള വെളളം കല്ലടയാറ്റിലൂടെ ഒഴുക്കിവിട്ട ശേഷം ഇത് ഒറ്റക്കൽ തടയണയിൽ നിന്ന് രണ്ട് കനാലുകളിലേക്കും തിരിച്ചുവിടും. അണക്കെട്ടിനോട് ചേർന്ന പവർഹൗസിൽ വൈദ്യുതി ഉൽപ്പാദനത്തിന് രണ്ട് ജനറേറ്റർ ഉണ്ടെങ്കിലും ഇതിൽ ഒരെണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. ഒരു ജനറേറ്റർ പ്രവർത്തന രഹിതമായിട്ട് വർഷങ്ങൾ പിന്നിട്ടു. നിലവിൽ വൈകിട്ട് 6മുതൽ രാത്രി 10വരെ ആയിട്ടാണ് വൈദ്യുതി ഉൽപാദനം പരിമിതപ്പെടുത്തിയിരിക്കുന്നത്.

വേനൽക്കാലം പണി തുടങ്ങി

വൈദ്യുതി ഉൽപ്പാദനം കുറച്ചതോടെ കല്ലടയാറ്റിലെ ഒറ്റക്കൽ തടയണയും മറ്റും ഉണങ്ങിവരണ്ട അവസ്ഥയിലാണ്. ഇതുകാരണം ആറിന്റെ തീരത്തുള്ള താമസക്കാരും കടുത്ത പ്രതിസന്ധിയിലാകും. കല്ലടാറിന് പുറമെ അണക്കെട്ടിന്റെ പോഷക നദികളായ ശെന്തുരുണി, കഴുതുരുട്ടി, കുളത്തൂപ്പുഴ എന്നിവയെല്ലാം വരണ്ട് തുടങ്ങി. ഇത്തവണ വേനൽ നേരത്തെ ആരംഭിച്ചതോടെ അത്യുഷ്ണമാണ് കിഴക്കൻ മലയോര മേഖലയിൽ അനുഭവപ്പെടുന്നത്. ചൂട് കാർഷിക വിളകളെ ഗണ്യമായി ബാധിച്ചതോടെ കർഷകരും കടുത്ത ആശങ്കയിലാണ്.

വൈദ്യുതി ഉൽപ്പാദനത്തിലും പ്രതിസന്ധി

അണക്കെട്ടിലെ പവർ ഹൗസിൽ നിന്ന് രണ്ട് ജനറേറ്ററുകൾ വഴി ദിവസവും 15 മെഗാവാട്ട് വൈദ്യുതിയാണ് നേരത്തെ ഉൽപ്പാദിപ്പിച്ചിരുന്നത്. ഒരു ജനറേറ്റർ തകരാറിലായതോടെ വൈദ്യുതി ഉൽപ്പാദനം 7.5 മെഗാവാട്ടായി കുറഞ്ഞിരുന്നു. ഇതാണ് ഇപ്പോൾ വീണ്ടും കുറച്ചിരിക്കുന്നത്.

തകരാറിലായ ജനറേറ്റർ അറ്റകുറ്റപ്പണികൾ ചെയ്തു പ്രവർത്തന ക്ഷമമാക്കാത്തതാണ് വൈദ്യുതി ഉൽപ്പാദനം പകുതിയായി കുറയാൻ കാരണം. ഇതുകാരണം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുന്നത്. വേനൽ കൂടുതൽ രൂക്ഷമാകുന്നതോടെ വൈദ്യുതി ഉപയോഗത്തിന്റെ തോത് നാലിരട്ടിയായി വർദ്ധിക്കും.ഇത് കണക്കിലെടുത്ത് അണക്കെട്ടിൽ നിന്ന് പൂർണ്ണതോതിലുളള വൈദ്യുതി ഉൽപ്പാദനം പുനരാരംഭിക്കണമെന്ന ആവശ്യവും ശക്തമായി.