ഇരവിപുരം: വികേന്ദ്രീകൃത ബാങ്കിംഗ് സംവിധാനത്തിന്റെ തകർച്ചയാണ് കേരള ബാങ്കെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. പട്ടത്താനം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ബാങ്കിന്റെ സ്ഥാപക പ്രസിഡന്റും ഡി.സി.സി ജനറൽ സെക്രട്ടറിയും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന കടപ്പാൽ ശശിയുടെ പന്ത്രണ്ടാമത് അനുസ്മരണ സമ്മേളനം പട്ടത്താനം സർവീസ് സഹകരണ ബാങ്ക് അങ്കണത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒറ്റ കോർപ്പറേറ്റ് ബാങ്കിംഗ് ആണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇതേ നയം തന്നെയാണ് കേരള സർക്കാരും തുടരുന്നത്. അഴിമതിയുടെ കറപുരളാത്ത നേതാവായിരുന്നു കടപ്പാൽ ശശിയെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് പ്രസിഡന്റ് ആർ. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. കൊല്ലൂർവിള സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അൻസർ അസീസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ. രാജമോഹൻ, കോർപ്പറേഷൻ കൗൺസിലർ ചന്ദ്രികാ ദേവി, മുൻ ബാങ്ക് പ്രസിഡന്റ് പട്ടത്താനം ഗോപാലകൃഷ്ണൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശിവരാജൻ, ബാങ്ക് ഭരണസമിതി അംഗങ്ങളായ സന്തോഷ് കുമാർ, കൃഷ്ണപ്രസാദ്, അനിതമ്മ തുടങ്ങിയവർ സംസാരിച്ചു.