പുനലൂർ: പുനലൂർ ശ്രീനാരായണ കോളേജിൽ മൂന്നുവർഷം നീണ്ട് നിന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനവും ജൂബിലി സ്മാരകമായി പണികഴിപ്പിച്ച പുതിയ കെട്ടിട സമുച്ചയത്തിൻെറ സമർപ്പണവും 14ന് ഉച്ചക്ക് 12.40ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും. എസ്.എൻ.ട്രസ്റ്റ് ജനറൽ സെക്രട്ടറിയും ശ്രീനാരായണ കോളേജുകളുടെ മാനേജരുമായ വെള്ളാപ്പള്ളി നടേശൻ അദ്ധ്യക്ഷത വഹിക്കുമെന്ന് എസ്.എൻ.ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാൻ ടി.കെ.സുന്ദരേശൻ, കൺവീനർ കെ.സുരേഷ് കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമാപന സമ്മേളനത്തിൽ മന്ത്രി കെ.രാജു, എൻ.കെ.പ്രേമചന്ദ്രൻ എം.പി എന്നിവർ മുഖ്യപ്രഭാഷണം നടത്തും. നഗരസഭാ ചെയർമാൻ കെ.രാജശേഖരൻ, ആർ.ഡി.സി ചെയർമാൻ ടി.കെ.സുന്ദരേശൻ, കൺവീനർ കെ.സുരേഷ് കുമാർ തുടങ്ങിയവർ സംസാരിക്കും.
ഗുരുദേവന്റെ വിദ്യാഭ്യാസ ദർശനങ്ങൾ നടപ്പിലാക്കാൻ എസ്.എൻ.ട്രസ്റ്റ് സാരഥിയായിരുന്ന ആർ.ശങ്കർ മുൻ കൈയെടുത്താണ് 1965 ജൂലായ് 15ന് പുനലൂരിൽ എസ്.എൻ.കോളേജ് സ്ഥാപിച്ചത്. സാമൂഹ്യ ശാസ്ത്രജ്ഞനായ ഡോ.വിജയരാഘവനായിരുന്നു ആദ്യ പ്രിൻസിപ്പൽ. ജില്ലയുടെ കിഴക്കൻ മലയോര പ്രദേശത്ത വിദ്യാഭ്യാസ രംഗത്ത് അര നൂറ്റാണ്ട് കൊണ്ട് പുനലൂർ എസ്.എൻ.കോളേജിന് മികവുറ്റ സംഭവനകൾ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.എട്ട് വിഷയങ്ങളിൽ ബിരുദ കോഴ്സുകളും, മൂന്ന് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ കോഴ്സുകളും നടത്തുന്നുണ്ട്. 2014ൽ ബി ഗ്രേഡോടെ നാക്കിന്റെ പുനരംഗീകാരം നേടിയ കോളേജ് ഡി.എസ്.റ്റി ഫിസ്റ്റ് ,റൂസ എന്നിവയുടെ ധനസഹായത്തോടെ മികവുറ്റ വിദ്യാഭ്യാസ നിലവാരം പുലർത്തി വരികയാണ്. റൂസിന്റെ ധനസഹായമായി രണ്ട് കോടി രൂപയാണ് ഈ വർഷം കോളേജിന് ലഭിച്ചത്. കിഴക്കൻ മലയോര മേഖലയിൽ സാമൂഹിക പ്രതിബദ്ധതയുളള പൗരന്മാരെ വാർത്തെടുക്കുന്നതിൽ ഈ സരസ്വതി ക്ഷേത്രം നിർണ്ണായക പങ്കുവഹിക്കുന്നതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
2016 ആഗസ്റ്റ് 20ന് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചത്. മൂന്നു വർഷംകൊണ്ട് നിരവധി ദേശീയ സെമിനാറുകളും മറ്റു അനുബന്ധ പരിപാടികളും ജൂബിലിയുടെ ഭാഗമായി കോളേജിൽ നടത്തി.
പ്രിൻസിപ്പൽ ഡോ.ടി.പ്രദീപ്, കൺവീനർ ഡോ.ടി.പി.വിജുമോൻ, എസ്.എൻ.ട്രസ്റ്റ് പുനലൂർ ആർ.ഡി.സി എക്സിക്യൂട്ടീവ് അംഗം വിജയകൃഷ്ണ വിജയൻ, പ്രൊഫ.ഷിബു, പി.ടി.എ പ്രസിഡന്റ് ബാഹുലേയൻ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.