പത്തനാപുരം: അമിത വേഗതയിലെത്തിയ ഇരുചക്രവാഹനം കോളേജ് വിദ്യാർത്ഥിനിയെ ഇടിച്ചു തെറിപ്പിച്ച ശേഷം നിറുത്താതെ പോയി. പത്തനാപുരം യു.ഐ.ടി കോളേജിലെ രണ്ടാം വർഷ ബി കോം വിദ്യാർത്ഥിയായ മൈലം സ്വദേശിനി ശ്രീലക്ഷ്മി മോഹനാണ് പരിക്കേറ്റത്. തലയ്ക്കും കാൽമുട്ടിനും കൈയ്ക്കും പരിക്കേറ്റ വിദ്യാർത്ഥിനി കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പത്തനാപുരം കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപത്ത ഇന്നലെ രാവിലെ 9.20 ഓടെയായിരുന്നു സംഭവം. കുന്നിക്കോട് ഭാഗത്ത് നിന്ന്
ഓട്ടോറിക്ഷയെ മറികടന്ന് എത്തിയ ഇരുചക്ര വാഹനം റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുകയായിരുന്ന പെൺകുട്ടിയെ ഇടിച്ചിടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹപാഠികളും ഓട്ടോറിക്ഷാ ജീവനക്കാരും ചേർന്ന് പെൺകുട്ടിയെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ് ബൈക്ക് യാത്രികനെ തിരിച്ചറിയാനായി അപകം നടന്ന സ്ഥലത്തെ വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടി.വി ദ്യശ്യങ്ങൾ ശേഖരിച്ചുവരികയാണ്.