കൊല്ലം: നിറപകിട്ടാർന്ന ഉടയാടകളിൽ നിറചിരി ചാലിച്ച് നഗരവീഥികളിൽ ഉല്ലാസം നിറച്ചു കൊച്ചു കൂട്ടുകാർ. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ സംസ്ഥാനതല ആഘോഷമായ ബഡി വാക്കിനൊപ്പം ചേർന്നു നാടാകെ. നിങ്ങളും ഞങ്ങളുടെ മക്കളാണ്, നിങ്ങളെ ഞങ്ങൾ കൈവിടില്ല, ഞങ്ങളും നിങ്ങളോടൊപ്പമുണ്ട് എന്ന സന്ദേശവുമായി കുട്ടികൾക്കൊപ്പം ചേർന്നു നിന്നു ജനപ്രതിനിധികളും നാടിന്റെ പരിച്ഛേദവും.
ആശ്രാമം മൈതാനത്ത് ബഡി വാക്ക് എം നൗഷാദ് എം.എൽ. എ ഫ്‌ളാഗ് ഓഫ് ചെയ്തു. താളമേളങ്ങളും പ്രച്ഛനവേഷവും വർണാഭമാക്കിയ നടത്തം സമാപിച്ചത് ക്രേവൻ എൽ. എം. എസ് ഹൈസ്‌കൂളിൽ.
മേയർ ഹണി ബഞ്ചമിൻ, ഡെപ്യൂട്ടി മേയർ എസ് ഗീതാകുമാരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, മുൻമേയർ വി. രാജേന്ദ്രബാബു, സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകർ, ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ, നാഷനൽ ട്രസ്റ്റ് സ്റ്റേറ്റ് നോഡൽ ഏജൻസി ചെയർമാൻ ഡി. ജേക്കബ്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എക്‌സ് ഏണസ്റ്റ്, സാമൂഹ്യ നീതി വകുപ്പ് ജില്ലാ ഓഫീസർ പി. സുധീർ കുമാർ, വനിതാ ശിശുക്ഷേമ വകുപ്പ് ജില്ലാ ഓഫീസർ എസ്. ഗീതാകുമാരി, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എ. ജി സന്തോഷ്, റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ശിരീഷ് കേശവൻ, മുൻ ഗവർണർ കെ.പി രാമചന്ദ്രൻ നായർ, കോർപറേഷൻ കൗൺസിലർ റീന സെബാസ്റ്റ്യൻ, ശിശുക്ഷേമ ബോർഡ് അധ്യക്ഷ സൂസൻകോടി തുടങ്ങിയവർ കുട്ടികൾക്കൊപ്പം ചേർന്നു.
സ്‌കൂളിൽ ചേർന്ന യോഗത്തിൽ മികച്ച പങ്കാളിത്തത്തിനുള്ള ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയ വെട്ടിക്കവല തണൽ, ചവറ കരുണ, ശൂരനാട് ബഡ്‌സ് എന്നീ സ്‌കൂളുകൾക്ക് സമ്മാനങ്ങളും നൽകി.
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ മുഖ്യധാരയുടെ ഭാഗമാക്കുന്നതിനായി സംസ്ഥാന സർക്കാർ സംഘടിപ്പിച്ച പരിപാടി സാമൂഹ്യനീതി വകുപ്പും നാഷനൽ ട്രസ്റ്റ് സ്റ്റേറ്റ് നോഡൽ ഏജൻസി സെന്ററും ചേർന്ന് കൊല്ലം സിറ്റി റോട്ടറി ക്ലബിന്റെ സഹകരണത്തോടെയാണ് നടത്തിയത്.