local

കൊല്ലം: ചവറയിൽ ട്രാൻസ് ജെൻഡറിനെ ഉപയോഗിച്ച് യുവാക്കളെ വശീകരിച്ച് പണം തട്ടുന്ന സംഭവത്തിൽ ഒരാൾ പിടിയിലായി.കരുനാഗപ്പള്ളി ആലപ്പാട് അയണിവേലിക്കുളങ്ങര പുത്തൻവീട്ടിൽ അരുൺ (23) ആണ് പിടിയിലായത്. ട്രാൻസ്ജെൻഡർ കുണ്ടറ ഇളമ്പള്ളൂർ സ്വദേശിക്കെതിരെ കേസെടുത്തു.

ദേശീയപാതയിൽ ചവറ കെ.എം.എം.എൽ കമ്പനിക്ക് സമീപം ഇരുട്ട് നിറഞ്ഞ ഭാഗം കേന്ദ്രീകരിച്ച് ഇരുവരും ചേർന്ന് ഒന്നരവർഷമായി യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിവരികയായിരുന്നു. ട്രാൻസ്ജെൻഡർ റോഡുവക്കിൽ നിന്ന് യുവാക്കളെ വശീകരിച്ച് തൊട്ടടുത്ത് കാടുമൂടിയ സ്ഥലത്തേക്ക് കൊണ്ടുപോകും. അവിടെ ഒളിഞ്ഞിരിക്കുന്ന അരുൺ യുവാക്കളിൽ നിന്നും പണവും സ്വർണാഭരണങ്ങളും മൊബൈലും ഉൾപ്പടെ കവരുന്നതായിരുന്നു രീതി.

നിരവധി തവണ പരാതി ലഭിച്ചെങ്കിലും പൊലീസിന് ഇരുവരെയും പിടികൂടാനായില്ല. ഇന്നലെ രാത്രി എട്ടരയോടെ രഹസ്യവിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ ആക്രമിച്ച് പണം തട്ടാൻ ശ്രമിക്കുന്നതിനിടയിൽ അരുണിനെ പിടികൂടുകയായിരുന്നു. വനിതാ പൊലീസ് ഒപ്പമില്ലാഞ്ഞതിനാൽ ട്രാൻസ് ജൻഡറിനെ കസ്റ്റഡിയിലെടുത്തില്ല. അരുണിനെ പിടികൂടിയതിന് പിന്നാലെ അവർ ദേശീയപാതയിൽ കയറി നിന്ന് ഗതാഗതം തടസ്സപ്പെടുത്തിയതായും ചവറ പൊലീസ് പറഞ്ഞു. ഇവരുടെ ബാഗിൽ നിന്നും കത്തി അടക്കമുള്ള മാരക ആയുധങ്ങൾ കണ്ടെടുത്തു. ഇരുവരും വെളുത്തമണലിൽ ലോഡ്ജ് മുറിയിൽ ഒരുമിച്ച് താമസിച്ച് വരികയായിരുന്നു.അരുണിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.