കരുനാഗപ്പള്ളി : ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിൽ ലൈഫ് പദ്ധതി, പി.എം.എ.വൈ(ജി) പദ്ധതി ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും നാട്ടുകാർക്ക് വ്യത്യസ്ഥ അനുഭവമായി. എണ്ണൂറോളം കുടുംബങ്ങൾ കുടുംബ സംഗമത്തിൽ പങ്കെടുത്തു. പുതിയകാവിൽ സംഘടിപ്പിച്ച സംഗമം ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. മജീദ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കടവിക്കാട്ട് മോഹനൻ, ശ്രീലേഖ കൃഷ്ണകുമാർ, പി. സെലീന, എസ്. ശ്രീലത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീദേവി മോഹൻ, ബി.ഡി.ഒ അജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. 22 സർക്കാർ വകുപ്പുകളുടെ പ്രതിനിധികളുടെ നേതൃത്വത്തിൽ നടന്ന അദാലത്തും ശ്രദ്ധേയമായി. ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിൽ ലൈഫ് പദ്ധതിപ്രകാരം മൊത്തം 795 വീടുകളാണ് പൂർത്തീകരിച്ചത്. ഇതിൽ ഒന്നാം ഘട്ടത്തിൽ 111 വീടുകളും രണ്ടാംഘട്ടത്തിൽ 659 വീടുകളുും സമയബന്ധിതമായി പൂർത്തീകരിച്ചു. പട്ടികജാതി വികസന വകുപ്പ് വഴി പൂർത്തീകരിച്ച 25 വീടുകൾകൂടി ഉൾപ്പെടുന്നതാണിത്. രണ്ടാംഘട്ടത്തിൽ ഏറ്റവും കൂടുതൽ വീടുകൾ കുലശേഖരപുരം പഞ്ചായത്തിലാണുള്ളത്.185 വീടുകളാണിവിടെ.നിർമ്മിച്ച് നൽകിയത്. ക്ലാപ്പനയിൽ 82 ഉം ഓച്ചിറയിൽ 85 ഉം പൂർത്തീകരിച്ചു. ആലപ്പാട്-20, തഴവ-171, തൊടിയൂർ-116, എന്നിങ്ങനെയാണ് മറ്റ് പഞ്ചായത്തുകളിലെ പൂർത്തീകരിച്ച വീടുകൾ.