കൊല്ലം: സ്കൂളുകളിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പി.ടി.എയും മറ്റ് സന്നദ്ധ സംഘടനകളും പരസ്യപ്രചാരണം നടത്തിയും പൊതുയോഗങ്ങൾ വിളിച്ചും സഹായം വിതരണം ചെയ്യുന്നതിന് വിലക്ക്.സഹായം വിതരണം കുട്ടികളുടെ സ്വകാര്യതയെയോ ആത്മാഭിമാനത്തെയോ ബാധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിൽ പറയുന്നു
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ 2019 മേയ് 15ലെ ഉത്തരവിനെ അടിസ്ഥാനമാക്കിയാണ് സർക്കുലർ. ഇതിന്റെ ഉദ്ദേശ്യശുദ്ധി അംഗീകരിക്കുമ്പോൾ തന്നെ, സഹായ സന്നദ്ധരായി വരുന്നവർ ഇത് മൂലം പിൻവാങ്ങുമോയെന്ന ആശങ്കയിലാണ്
വിദ്യാഭ്യാസ മേഖലയിലുള്ളവർ. ഈ സാഹചര്യത്തിൽ, സഹായം സ്വീകരിക്കുന്നവരുടെ വിവരം പരസ്യമാക്കാതെ, സഹായിക്കുന്നവരുടെ വിവരം മാത്രം പുറത്തുവിട്ട് വിതരണം നടത്താമെന്ന നിർദേശവും ഉയരുന്നുണ്ട്.
പേര് വിളിച്ച്
സഹായിക്കണ്ട
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ നിറഞ്ഞ സദസ്സിൽ പേര് വിളിച്ച് സഹപാഠികളുടെയും അദ്ധ്യാപകരുടെയും മുന്നിൽവച്ച് സഹായം നൽകുന്നത് ഒഴിവാക്കണമെന്ന് സർക്കലറിൽ പറയുന്നു..
.സഹായം നൽകുന്ന കുട്ടികളുടെ പേരും ഫോട്ടോയും വച്ച് പ്രചാരണം നടത്തരുത് .
. കുട്ടികളുടെ ക്ഷേമവും പുരോഗതിയും മുൻനിറുത്തിയുള്ള സഹായ വിതരണം അവരുടെ ആത്മാഭിമാനം തകർക്കും വിധമാകരുത്.
. സഹായം സ്വീകരിക്കുന്ന കുട്ടികൾ മറ്റു കുട്ടികൾക്കിടയിൽ രണ്ടാംതരം പൗരന്മാരായി ചിത്രീകരിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കണം.
കുട്ടികൾക്ക് സഹായം വിതരണം ചെയ്യുമ്പോൾ പരസ്യ പ്രചാരണം നടത്തുന്നില്ലെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർമാർ, അസി.ഡയറക്ടർമാർ(വി.എച്ച്.എസ്.സി), റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാർ(ഹയർ സെക്കൻഡറി), ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, പ്രിൻസിപ്പൽ, ഹെഡ്മാസ്റ്റർമാർ എന്നിവർ ഉറപ്പു വരുത്തണം.
സഹായം
മുടങ്ങുമോ
വേനലവധിക്കാലം മുതൽ നാട്ടിലെ വിവിധ സന്നദ്ധ സംഘടനകളും മറ്റും നേരിട്ട് വിദ്യാർത്ഥികൾക്ക് പഠന സഹായം നൽകുന്നത് പതിവാണ്. സ്കൂൾ ബാഗ്, ബുക്കുകൾ, മറ്റ് പഠനോപകരണങ്ങൾ എന്നിവയും സാമ്പത്തിക സഹായവും ഉണ്ടാകും. സ്കൂൾ തുറപ്പിന് ശേഷം സ്കൂളിൽ വച്ച് പി.ടി.എയുടെയും മാനേജ്മെന്റുകളുടെയും നേതൃത്വത്തിലും ഇത്തരം സഹായങ്ങൾ നൽകാറുണ്ട്. എൻ.എസ്.എസ്, സ്റ്റുഡൻസ് പൊലീസ് പദ്ധതികളുടെ ഭാഗമായി സഹപാഠികൾക്ക് വീട് നിർമ്മിച്ചുനൽകലുമുണ്ട്. പൊതുചടങ്ങിൽ കുട്ടികൾക്ക് സഹായം നൽകുന്നതും സഹായ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതും ശീലമാക്കിയ സംഘടനകളും വ്യക്തികളും കുട്ടികളെ സഹായിക്കുന്നതിൽ നിന്നു ഇനി പിൻമാറുമോ എന്നാണ് സംശയം.