navas
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അ ദാലത്തും മന്ത്രി. ജെ മേഴ്സി കുട്ടിയമ്മ ഉദ്ഘാടനം ചെയ്യുന്നു.

ശാസ്താംകോട്ട: കേരളത്തിന് അർഹമായതെല്ലാം തടഞ്ഞ് കേന്ദ്ര സർക്കാർ കേരളത്തെ ഞെക്കിക്കൊല്ലുകയാണെന്ന് മന്ത്രി. ജെ മേഴ്സികുട്ടിഅമ്മ പറഞ്ഞു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷൻ പദ്ധതി ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാരിന് ലഭിക്കേണ്ട കേന്ദ്ര വിഹിതം അനുവദിക്കുന്നതിലും തൊഴിലുറപ്പു തൊഴിലാളികൾക്കുള്ള വേതനം ലഭ്യമാക്കുന്നതിലും കേരളത്തോട് വിവേചനം കാണിക്കുകയാണ് കേന്ദ്ര സർക്കാർ. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ആനുകൂല്യങ്ങൾ അർഹരായവരിൽ എത്തിക്കുന്നതിൽ തദ്ദേശ സ്വയംഭരണം സ്ഥാപനങ്ങൾ ജാഗ്രത പുലർത്തണമെന്നും വീടും വസ്തുവും ഇല്ലാത്തവരെ ലൈഫ് മൂന്നാം ഘട്ടം പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിയിൽ പൂർത്തീകരിച്ച 1021 വീടുകളുടെ താക്കോൽ ദാനം നടന്നു. 20 വകുപ്പുകളിലെ ഉദ്യോഗസ്ഥരും അദാലത്തിൽ പങ്കെടുത്തു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. അരുണാമണി സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം എം. ശിവ ശങ്കരപ്പിള്ള, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൃഷ്ണകുമാരി ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ജയപ്രസന്നൻ, ഐ. നൗഷാദ്, പുഷ്പകുമാരി, ജെ. ശുഭ, പി.എസ്. ജയലക്ഷ്മി, അനിത പ്രസാദ്, തുടങ്ങിയവർ സംസാരിച്ചു.