parippally-market
പാരിപ്പള്ളി ചന്തയിലെ മാലിന്യക്കൂന

കൊല്ലം: മാലിന്യം സംസ്കരിക്കാനും മലിനജലം ഒഴുക്കാനും സംവിധാനമില്ലാതെ പൊതുജനങ്ങൾക്കും കച്ചവടക്കാർക്കും ബുദ്ധിമുട്ടായി മാറിയ പാരിപ്പള്ളി ചന്ത ഹൈടെക് ആക്കാൻ വിശദരൂപരേഖ തയ്യാറാകുന്നു. സംസ്ഥാന സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തി 3.45 കോടി രൂപ ചെലവിലാണ് ചന്ത ഹൈടെക്ക് ആക്കുന്നത്. തീരദേശ വികസന കോർപ്പറേഷനാണ് പദ്ധതിയുടെ ഡി.പി.ആർ തയ്യാറാക്കുന്നത്. രൂപരേഖ തയ്യാറായാൽ കിഫ്ബിക്ക് സമർപ്പിച്ച് അംഗീകാരം തേടിയ ശേഷം നിർമ്മാണത്തിനുള്ള ടെണ്ടറിലേക്ക് കടക്കും.

പാരിപ്പള്ളി ചന്തയിൽ നിലവിൽ നൂറോളം കച്ചവടക്കാരുണ്ട്. ഇവരിൽ പലരും മാലിന്യം ചന്തയിൽ തന്നെ ഉപേക്ഷിച്ചാണ് മടങ്ങുന്നത്. മത്സ്യാവശിഷ്ടങ്ങൾ ചീഞ്ഞ് അഴുകിയും പുറത്ത് നിന്നുള്ള മാലിന്യം കുന്നുകൂടിയും മൂക്ക് പൊത്താതെ ചന്തയ്ക്കുള്ളിലേക്ക് ആർക്കും കടക്കാനാകാത്ത സ്ഥിതിയാണ് നിലവിൽ.

 മികച്ച സൗകര്യങ്ങൾ ഒരുങ്ങും

മാലിന്യം പെട്ടെന്ന് നീക്കാൻ കഴിയുന്ന തരത്തിൽ ചന്തയിൽ പൂർണമായും ഉന്നത നിലവാരത്തിലുള്ള തറയോടുകൾ പാകും. മത്സ്യക്കച്ചവടക്കാർക്ക് ഇരിക്കാൻ സ്റ്റീൽ കസേരകളും മത്സ്യം വിൽക്കാൻ തട്ടുകളും സ്ഥാപിക്കും. തുരുമ്പ് പിടിച്ച പിച്ചാത്തികൾ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ എല്ലാ കച്ചവടക്കാർക്കും സ്റ്റീൽ പിച്ചാത്തികൾ നൽകും. ഓരോ കച്ചവടക്കാരന്റെയും അടുത്ത് മത്സ്യം കഴുകാൻ ടാപ്പുകളും സ്റ്റെയിൻലെസ് സ്റ്റീൽ സിങ്കുകളും സ്ഥാപിക്കും. വില്പനയ്ക്ക് വച്ചിരിക്കുന്ന മത്സ്യങ്ങളിൽ ഈച്ചയടക്കമുള്ള പ്രാണികൾ വന്നിരിക്കുന്നത് ഒഴിവാക്കാൻ ഗ്ലാസിന്റെ മേൽമൂടിയുള്ള ട്രേകളും വിതരണം ചെയ്യും. നിലവിലുള്ള കച്ചവടക്കാരുടെ എണ്ണത്തിന് ആനുപാതികമായാകും മത്സ്യക്കച്ചവടത്തിനുള്ള സൗകര്യം ഒരുക്കുക.

ഇറച്ചിസ്റ്റാളുകളിലും മത്സ്യക്കച്ചവടക്കാർക്ക് ഒരുക്കുന്നതിന് സമാനമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. മാംസം പരസ്യമായി പ്രദർശിപ്പിക്കുന്നതും ഈച്ചയും പ്രാണികളും വന്നുപറ്റുന്നതും ഒഴിവാക്കാൻ ഗ്ലാസ് കാബിനുകൾ നിർമ്മിക്കും. മത്സ്യം, പച്ചക്കറി അവശിഷ്ടങ്ങൾ സംസ്കരിക്കാൻ എഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റും ശുചീകരണത്തിനായി ഉയർന്ന സമ്മർദ്ദത്തിൽ ജലം പ്രവഹിക്കുന്ന പ്രഷർ വാഷിംഗ് സംവിധാനവും സ്ഥാപിക്കും.

 യാഥാർത്ഥ്യമാകാൻ ജനകീയ സമ്മർദ്ദം വേണം

ജനകീയ സമ്മർദ്ദം ഉണ്ടെങ്കിലേ പാരിപ്പള്ളി ചന്തയുടെ ഹൈടെക് സ്വപ്നം വേഗത്തിൽ യാഥാർത്ഥ്യമാവുകയുള്ളു. സംസ്ഥാനത്തെ 65 ചന്തകൾ കിഫ്ബിയിൽ ഉൾപ്പെടുത്തി ഹൈടെക്ക് ആക്കുന്നുണ്ട്. ശക്തമായ ഇടപെടൽ ഉണ്ടായാൽ മാത്രമേ അദ്യഘട്ടത്തിൽ തന്നെ പാരിപ്പള്ളിയെ പരിഗണിക്കൂ.

 ചെലവ്: 3.45 കോടി രൂപ