കൊല്ലം: സാമ്പത്തിക വർഷം അവസാനിക്കാൻ 83 ദിവസം മാത്രം ബാക്കി നിൽക്കെ കൊല്ലം നഗരസഭയ്ക്ക് പൂർത്തിയാക്കാൻ 68.24 കോടിയുടെ പദ്ധതികൾ. ആകെ പദ്ധതി വിഹിതത്തിൽ 40 ശതമാനം മാത്രമാണ് ഇതുവരെ കൊല്ലം നഗരസഭ പൂർത്തിയാക്കിയത്. ട്രഷറി നിയന്ത്രണവും നിർമ്മാണ സാമഗ്രികളുടെ ലഭ്യതക്കുറവും മൂലം കരാറുകാർ പ്രവൃത്തികൾ ഏറ്റെടുക്കാത്തതാണ് പദ്ധതി നിർവഹണം ഇഴയുന്നതിന്റെ പ്രധാന കാരണം.
113.74 കോടി രൂപയുടേതാണ് നഗരസഭയുടെ വാർഷിക പദ്ധതി. ഇതിൽ 45.49 കോടി രൂപ മാത്രമാണ് കഴിഞ്ഞ 9 മാസത്തിനിടയിൽ ചെലവിട്ടത്. കോർപ്പറേഷനുകളുടെ വിഭാഗത്തിൽ പദ്ധതി നിർവഹണത്തിൽ നാലാം സ്ഥാനത്താണ് കൊല്ലം. പൂർത്തിയായ പദ്ധതികളിൽ 33.10 കോടി രൂപയുടെ ബില്ലുകൾ മാത്രമാണ് ട്രഷറിയിൽ നിന്ന് പാസായത്. 12.35 കോടി രൂപയുടെ ബില്ലുകൾ ഇനിയും മാറാനുണ്ട്.
ഈ സ്ഥിതി തുടർന്നാൽ കഴിഞ്ഞ വർഷത്തേത് പോലെ വൻതുക ഇത്തവണയും നഷ്ടമാകുമെന്ന് ആശങ്കയുണ്ട്. കഴിഞ്ഞ വർഷം 65 ശതമാനം പദ്ധതികൾ മാത്രമാണ് സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് പൂർത്തിയായത്. നഷ്ടമായ തുകയിൽ 20 ശതമാനം മാത്രമാണ് സ്പിൽ ഓവറായി അനുവദിച്ചത്.
റോഡ് ടാറിംഗ്; കരാറാകുന്നില്ല
നഗരസഭ കഴിഞ്ഞ മാസം ടെണ്ടർ ചെയ്ത 18 റോഡ് ടാറിംഗ് പ്രവൃത്തികളിൽ 12 എണ്ണവും ആരും ഏറ്റെടുത്തില്ല. നിലവിൽ ടെണ്ടർ ചെയ്തിരിക്കുന്ന പ്രവൃത്തികളുടെ സ്ഥിതിയും ഇതാകാനാണ് സാദ്ധ്യത.
നടക്കാത്ത പദ്ധതികൾ ഒഴിവാക്കും
നടക്കാത്ത റോഡ് നിർമ്മാണ പ്രവൃത്തികൾ അടക്കം ഒഴിവാക്കി അതിന്റെ തുക പി.എം.എ.വൈ പദ്ധതിയിലേക്ക് അമൃത് പദ്ധതിയുടെ നഗരസഭാ വിഹിതത്തിലേക്കും വകമാറ്റും. അടുത്ത് ചേരുന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ ഇതിനുള്ള അനുമതി വാങ്ങും.
വാർഷിക പദ്ധതി 113.74 കോടി രൂപ
ചെലവിട്ടത് 45.49 കോടി രൂപ