പുനലൂർ: ഗേജ്മാറ്റ ജോലികൾ പൂർത്തിയാക്കി ട്രെയിൻ സർവീസ് പുനരാരംഭിച്ച പുനലൂർ - ചെങ്കോട്ട റെയിൽവേ പാത കടന്ന് പോകുന്ന ഇടപ്പാളയത്തെ കലുങ്കിൽ നേരിയ തോതിൽ വിള്ളൽ രൂപപ്പെട്ടത് സമീപവാസികളെ ആശങ്കയിലാക്കുന്നു. ഇടപ്പാളയം റെയിൽവേ സ്റ്റേഷനിൽ നിന്ന് നൂറ് മീറ്റർ ദൂരത്തെ ബ്രിഡ്ജ് നമ്പർ 2027ൽ ആണ് വിള്ളലുണ്ടായത്. ഗേജ്മാറ്റത്തിന്റെ ഭാഗമായി പുതുതായി പണിത കലുങ്ക് കോൺക്രീറ്റ് ബോക്സുകൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. കോൺക്രീറ്റ് ബോക്സുകൾക്കിടയിലാണ് വിള്ളൽ രൂപപ്പെട്ടത്. നിർമ്മാണ ജോലികളിലെ അപാകത മൂലമാണ് വിള്ളൽ രൂപപ്പെട്ടതെന്ന ആക്ഷേപം ശക്തമാണ്. മൂന്ന് വർഷം മുമ്പ് പുനലൂർ-ചെങ്കോട്ട മീറ്റർ ഗേജ് പാത ബ്രോഡ്ഗേജ് പാതയാക്കുന്ന ജോലികൾ ആരംഭിച്ച നാൾ മുതൽ പണികൾ പൂർത്തിയാകുന്നത് വരെ നിർമ്മാണ പ്രവർത്തനത്തിൽ വ്യാപക ക്രമക്കേടുകൾ നടന്നിരുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്. ഗേജ്മാറ്റ ജോലികൾ പൂർത്തായാക്കി പാത കമ്മിഷൻ ചെയ്യുന്നതിന് മുന്നോടിയായി ഉദ്യോഗസ്ഥർ ട്രോളികളിലും, എൻജിനുകളിലും സഞ്ചരിച്ച് പരിശോധന നടത്തിയിരുന്നു. എന്നാൽ ഇത്തരം ചെറുകലുങ്കുകൾ ഉൾപ്പെടെയുള്ള ട്രാക്കിന്റെ അനുബന്ധ നിർമ്മാണ പ്രവർത്തനങ്ങൾ അധികൃതർ കാര്യമായി പരിശോധിച്ചിരുന്നില്ലെന്നും പറയുന്നു. തിരുനെൽവേലി - പാലരുവി, കൊല്ലം - എഗ്മോർ എക്സ് പ്രസ് ട്രെയിൻ അടക്കം അര ഡസനിൽ അധികം വണ്ടികൾ സർവീസ് നടത്തുന്ന റെയിൽപാത കടന്ന് പോകുന്ന ഭാഗങ്ങളിലെ കലുങ്കുകളുടെ അവസ്ഥയാണിത്. 323 കോടിയോളം രൂപ ചെലവഴിച്ചു ഗേജ്മാറ്റ ജോലികൾ പൂർത്തിയാക്കിയ ശേഷമാണ് പുനലൂർ-ചെങ്കോട്ട റൂട്ടിൽ ട്രെയിൻ സർവീസ് പുനരാരംഭിച്ചത്.