mark
കൊല്ലം-തിരുമംഗലം ദേശീയ പാതയോരത്തെ ഇടമൺ-34ന് സമീപത്ത് സ്ഥിതി ചെയ്യുന്ന കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലുളള ഭൂമി

നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു

പുനലൂർ: കൊല്ലം ​- തിരുമംഗലം ദേശീയ പാതയോരത്തെ ഇടമൺ 34ന് സമീപം പ്രവർത്തിച്ചുവരുന്ന മാർക്കറ്റ്, സമീപത്തെ കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലുളള ഭൂമിയിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ പത്ത് വർഷമായി ദേശീയ പാതയോരത്തെ ഇടമൺ34ന് സമീപത്താണ് മത്സ്യം, പച്ചക്കറി, മാംസം അടക്കമുള്ളവയുടെ വ്യാപാരം നടന്ന് വരുന്നത്. എല്ലാ ദിവസവും വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന മാർക്കറ്റിന്റെ പ്രവർത്തനം രാത്രി 9 വരെ തുടരും. തെന്മല, ഏരൂർ പഞ്ചായത്തുകൾക്ക് പുറമേ പുനലൂർ നഗരസഭാ പ്രദേശങ്ങളിൽ നിന്നുള്ള ജനങ്ങളും ഇടമൺ 34ലെ മാർക്കറ്റിലെത്തിയാണ് മത്സ്യം അടക്കമുളള സാധനങ്ങൾ വാങ്ങുന്നത്. എന്നാൽ മാർക്കറ്റ് പ്രവർത്തിക്കുന്നത് അന്തർ സംസ്ഥാന പാതയോരത്തായതിനാൽ ഇവിടെ വാഹനാപകടങ്ങളുണ്ടാകുന്നത് പതിവാണ്. അതിനാലാണ് സമീപത്ത് തരിശായിക്കിടക്കുന്ന കെ.എസ്.ആർ.ടി.സിയുടെ ഭൂമി പഞ്ചായത്ത് ഏറ്റെടുത്ത് മാർക്കറ്റിനായി ഉപയോഗിക്കണമെന്ന് പ്രദേശവാസികൾ പറയുന്നത്.

ഉപയോഗശൂന്യമായിക്കിടക്കുന്ന ഭൂമി മാർക്കറ്റിന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി പഞ്ചായത്ത് ഏറ്റെടുക്കണം. ദേശീയ പാതയോരത്ത് മാർക്കറ്റ് പ്രവർത്തിക്കുമ്പോൾ വാഹനാപകടങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. സമാധാനത്തോടെ ജനങ്ങൾക്ക് സാധനങ്ങൾ വാങ്ങാൻ കഴിയുന്ന തരത്തിൽ സമീപത്തെ ഭൂമിയിലേക്ക് മാർക്കറ്റ് മാറ്റണം.

( പി. സോമരാജൻ, എസ്.എൻ.ഡി.പി യോഗം ഇടമൺ 34 ശാഖ കമ്മിറ്റി അംഗം

10 സെന്റ് ഭൂമി

പത്ത് സെന്റിൽ അധികം വരുന്ന ഭൂമി പഞ്ചായത്ത് ഏറ്റെടുത്ത് മാർക്കറ്റിനായി ഉപയോഗിക്കണമെന്നും ശേഷിക്കുന്ന സ്ഥലത്ത് ഷോപ്പിംഗ് കോംപ്ലക്സ് പണിയണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ഉപയോഗ ശൂന്യമായിക്കിടക്കുന്ന കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലുള്ള ഭൂമി പഞ്ചായത്തിനെ ഏൽപ്പിക്കാൻ സ്ഥലം എം.എൽ.എ ആയ മന്ത്രി കെ. രാജു മുൻ കൈയെടുക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു. അര നൂറ്റാണ്ടിലധികമായി ദേശീയ പാതയോരത്ത് ഉപയോഗ ശൂന്യമായിക്കിടക്കുന്ന കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലുളള ഭൂമിയിലേക്ക് മാർക്കറ്റ് മാറ്റി സ്ഥാപിക്കാൻ വ്യാപാരികൾ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി അവരെ പിൻതിരിപ്പിക്കുകയായിരുന്നു.