muttara-grandhasala
മുട്ടറ ഹരിജൻ വായനശാല തകർന്നടിഞ്ഞ നിലയിൽ

പുതിയ കെട്ടിട നിർമ്മാണം ത്രിശങ്കുവിൽ

ഓടനാവട്ടം: 63 വർഷത്തോളം പഴക്കമുള്ള മുട്ടറ ഹരിജൻ വായനശാലാ കെട്ടിടം തകർന്നടിഞ്ഞ് ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായിട്ടും ബന്ധപ്പെട്ട അധികൃതർ മൗനത്തിൽ. 2018 ജനുവരിയിൽ വായനശാലയ്ക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി ഐഷാ പോറ്റി എം.എൽ.എയുടെ ഫണ്ടിൽ നിന്ന് 18 ലക്ഷം രൂപ അനുവദിച്ചെങ്കിലും നിർമ്മാണം തുടങ്ങാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കെട്ടിടനിർമ്മാണംചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഒന്നര വർഷമായി ഗ്രന്ഥശാലയുടെ പ്രവർത്തനം നിലച്ചിട്ട്. എം.എൽ.എ ഫണ്ടുപയോഗിച്ചുള്ള കെട്ടിടനിർമ്മാണം ഉടൻ ആരംഭിക്കണമെന്നും അതുവരെ പൊതുജനങ്ങൾക്ക് സൗകര്യപ്രദമായൊരിടം കണ്ടെത്തി ഗ്രന്ഥശാല പുനഃസ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.


താലൂക്ക് ലൈബ്രറി കൗൺസിലിന്റെ അംഗീകാരത്തോടുകൂടി ലൈബ്രറിയിലെ പുസ്തകങ്ങൾ ഞാൻ സൂക്ഷിച്ചിട്ടുണ്ട്. അംഗങ്ങൾക്ക് അവ ഉപയോഗിക്കുന്നതിൽ തടസമില്ല. എം.എൽ.എ ഫണ്ടിൽ നിന്നും 18 ലക്ഷം രൂപ അനുവദിച്ചതനുസരിച്ച് കെട്ടിടനിർമ്മാണത്തിനുള്ള നടപടികൾ ആരംഭിച്ചെങ്കിലും പിന്നീട് ഒന്നും നടന്നില്ല. ഇപ്പോൾ റീ ടെണ്ടർ നൽകി കരാറുകാരനെ നിശ്ചയിച്ചിട്ടുണ്ട്. മണ്ണ് മാറ്റുന്നതിനുള്ള അനുമതി ലീഗൽ മെട്രോളജി വകുപ്പിൽ നിന്നുകൂടി ലഭിച്ചാൽ മതി.

എൻ. രാജേന്ദ്രൻ, സെക്രട്ടറി, ഹരിജൻ വായനശാല, മുട്ടറ

വായനശാലയ്ക്കായി എത്രയും പെട്ടെന്ന് പുതിയ കെട്ടിടം നിർമ്മിക്കണം. ഇല്ലാത്തപക്ഷം തുടർപ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകും

വിപിൻ,​ എ.ഐ.വൈ.എഫ് മുട്ടറ യൂണിറ്റ് സെക്രട്ടറി

പ്രസിഡന്റ് അഭിറാം ഷൈലേന്ദ്രൻ

ഗ്രന്ഥശാലയുടെ തുടക്കം

അദ്ധ്യാപകരായിരുന്ന കെ. രാഘവൻപിള്ള, താവറത്ത് ഗോപാലപിള്ള, പുത്തൻവീട്ടിൽ സുകുമാരപിള്ള, ഭക്തിവിലാസം ഗംഗാധരൻ പിള്ള എന്നിവരാണ് 1957ൽ ഗ്രന്ഥശാല സ്ഥാപിച്ചത്. ഗ്രന്ഥശാലാ സംഘത്തിന്റെ 2031​- ാം നമ്പരിലാണ് ഗ്രന്ഥശാല പ്രവർത്തിച്ച് വന്നത്. 2010ൽ 6500ൽ പരം പുസ്തകങ്ങളും മിക്ക ദിനപ്പത്രങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളും ഇവിടെ ലഭ്യമായിരുന്നു. അന്ന് 650 ൽ പരം അംഗങ്ങളുമുണ്ടായിരുന്നു. ഗ്രന്ഥശാലാ ഗ്രാന്റും ലൈബ്രേറിയൻ ഒാണറേറിയവും മുടക്കമില്ലാതെ ഇന്നും ലഭിക്കുന്നു.