ഓടനാവട്ടം: കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചിട്ടുള്ള അക്വിഡക്ട് മുട്ടറ ഇണ്ടിളയപ്പൻ ക്ഷേത്രത്തിനുസമീപം അപകടാവസ്ഥയിലായിട്ട് നാളുകളേറെ. അക്വിഡക്ടിൽ ചെടികൾ വളർന്നാണ് അപകടാവസ്ഥ സൃഷ്ടിക്കുന്നത്. ഇവയുടെ വേരുകൾ
കോൺക്രീറ്റിൽ വിള്ളലുകളുണ്ടാക്കി. ദിനപ്രതം സിമന്റ് പാളികൾ ഇടിഞ്ഞു വീഴുന്നതാണ് ഭീഷണിയാകുന്നത്. അക്വിഡക്ടിന് സമീപത്തായി നിരവധി വീടുകളുണ്ട്. ധാരാളം വാഹനങ്ങളും കാൽനടയാത്രികരും ഇതിന് അടിയിലൂടെ സഞ്ചരിക്കുന്നുമുണ്ട്. ഇവരാണ് ഭീഷണിയുടെ നടുവിലായത്.
കെ.ഐ.പി അധികൃതർ സമയത്ത് അറ്റകുറ്റപ്പണികൾ നടത്താത്തതാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. അക്വിഡക്ടിൽ അപകടകരമായി വളർന്ന് നിൽക്കുന്ന കാട്ടുവൃക്ഷങ്ങളും കുറ്റിച്ചെടികളും മുറിച്ചുമാറ്റി പൊളിഞ്ഞുവീണ കോൺക്രീറ്റ് ഭാഗങ്ങളിൽ മെയിന്റനൻസ് വർക്കുകൾ ചെയ്ത് ബലപ്പെടുത്തിയാൽ മാത്രമേ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സാധിക്കൂ. ഇതിനുള്ള അടിയന്തര നടപടി സ്വീകരിക്കാൻ തയാറാകണമെന്നാണ് പ്രദേശവാസികളും വിവിധ സംഘടനാപ്രവർത്തകരും ആവശ്യപ്പെടുന്നത്.