1
മുറിച്ച മരം റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നു

എഴുകോൺ: അപകടകരമായി നിന്ന തണൽ വൃക്ഷം മുറിച്ചുമാറ്റിയതോടെ ജനങ്ങൾക്ക് ഒരു പരിധിവരെ ആശ്വാസമായെങ്കിലും ഇത് റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നത്‌ യാത്രക്കാരെ വലയ്ക്കുന്നു. എഴുകോൺ പടിഞ്ഞാറെ അമ്പലത്തുംകാല ജംഗ്ഷനിലാണ് മരക്കഷണങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്‌. റോഡിലേക്ക് ചാഞ്ഞ് നിന്നിരുന്ന കൂറ്റൻ മരം അപകടം മുന്നിൽ കണ്ട് മാസങ്ങൾക്ക് മുമ്പ് എഴുകോൺ പഞ്ചായത്ത് അധികൃതർ മുറിച്ചു മാറ്റിയിരുന്നു. എന്നാൽ മരക്കഷണങ്ങൾ ഇനിയും പാതയോരത്തുനിന്ന് നീക്കം ചെയ്തിട്ടില്ല.

മരക്കഷണങ്ങൾ ബസ് സ്റ്റോപ്പിലാണ് കൂട്ടിയിട്ടിരിക്കുന്നത്. അതിനാൽ ബസ് കാത്ത് നിൽക്കുനവർ റോഡിലേക്ക് ഇറങ്ങി നിൽക്കേണ്ട സ്ഥിതിയാണ്. ഇലകൾ കരിഞ്ഞുണങ്ങിയതിനാൽ ഇവയ്ക്ക് തീ പിടിക്കുമോയെന്ന് ആശങ്കയിലാണ് സമീപത്തെ വ്യാപാരികൾ. കൊടും വളവും ജനത്തിരക്കേറിയതുമായ ജംഗ്ഷനായതിനാൽ വാഹനങ്ങൾ ഇടിച്ച് കയറാനും സാദ്ധ്യത ഏറെയാണ്. അപകടം മുന്നിൽ കണ്ട് നാട്ടുകാർ പലതവണ അധികാരികൾക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.