പുനലൂർ:മോഷണ കേസിൽ തെന്മല പൊലീസ് തെളിവെടുപ്പ് നടത്തവേ വെട്ടിച്ചുകടന്ന പ്രതി പുനലൂർ കോടതിയിൽ കീഴടങ്ങി. ആര്യങ്കാവ് കഴുതുരുട്ടി ഇരുളൻകാട് മിഥുൻ ഭവനിൽ മുരുകനാണ് (37) ഇന്നലെ വൈകിട്ട് 5ന് പുനലൂർ രണ്ടാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങിയത്.
ഞായറാഴ്ച കഴുതുരുട്ടിയിലെ ഒരു മൊബൈൽ ഷോപ്പിൽ നിന്നു മൂന്നുമൊബൈൽ ഫോണും പണവും മോഷ്ടിച്ചിരുന്നു. തെന്മല സി.ഐ.മണികണ്ഠൻ ഉണ്ണിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റിലായത്. വ്യാഴാഴ്ച പുലർച്ചെ 1.30ന് പ്രതിയുടെ ഭാര്യവീടായ ഒറ്റക്കൽ റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ തെളിവെടുപ്പിനായി കൊണ്ടു വന്നു.ഒരു കൈയിലെ വിലങ്ങ് അഴിച്ചശേഷം വീട്ടിനുളളിലേക്ക് കയറവേ ഓടി രക്ഷപെടുകയായിരുന്നു. കേരളത്തിലും തമിഴ്നാട്ടിലും തെന്മല പൊലീസ് അന്വേഷണം വ്യാപകമാക്കിയതോടെയാണ് പ്രതി പുനലൂർ കോടതിയിൽ കീഴടങ്ങിയത്. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.