തൊടിയൂർ: അദ്ധ്യാപികയെ അടുക്കളയോടു ചേർന്നുള്ള വർക്ക്ഏരിയയിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തൊടിയൂർ മുഴങ്ങോടി എസ്.പി.എസ്.എസ്. യു. പി സ്കൂളിലെ റിട്ട. ഹെഡ്മാസ്റ്റർ മുഴങ്ങോടി
കൃഷ്ണവേണിയിൽ കെ. പദ്മകുമാറിന്റെ ഭാര്യ പി. സുഖലതയാണ് (48) മരിച്ചത്. കരുനാഗപ്പള്ളി തുറയിൽകുന്ന് എസ്.എൻ.യു.പി സ്കൂളിലെ അദ്ധ്യാപികയാണ്.
ഇന്നലെ രാവിലെ ആറു മണിയോടെ വീട്ടിലെ നിലവിളി കേട്ട് അയൽവാസികൾ ചെന്നു നോക്കുമ്പോൾ സുഖലത മരിച്ചു കിടക്കുകയായിരുന്നു. ഡീസൽ ശരീരത്തിൽ ഒഴിച്ച് തീകൊളുത്തിയതാണെന്ന് പറയുന്നു.
പുലർച്ചെ നാലുമണിയോടെ ഭർത്താവിനും മക്കൾക്കും ഇവർ കാപ്പി തയ്യാറാക്കി കൊടുത്തിരുന്നു. കുട്ടികൾ പഠിക്കുന്നതിനായി വീടിന്റെ മുകൾനിലയിലേക്ക് പോയി. പത്മകുമാർ ഹാളിൽ ഉറങ്ങുകയായിരുന്നു. രാവിലെ എത്തിയ പത്രംഏജന്റിന്
വരിസംഖ്യ നൽകുന്നതിന് കുട്ടികൾ അമ്മയെ അന്വേഷിച്ചെത്തിയപ്പോഴാണ് പൊള്ളലേറ്റ് മരിച്ചു കിടക്കുന്നത് കണ്ടത്.
കരുനാഗപ്പള്ളി സി.ഐ മഞ്ജു ലാലിന്റെ നേതൃത്വത്തിൽ പൊലീസ് ഇൻക്വസ്റ്റ് തയാറാക്കി. കൊല്ലത്ത് നിന്ന് ഫോറൻസിക്,ഫിംഗർപ്രിന്റ് വിഭാഗം എത്തി തെളിവുകൾ ശേഖരിച്ചു. മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. സന്ധ്യയോടെ മുഴങ്ങോടി കൃഷ്ണവേണിയിൽ കൊണ്ടുവന്ന മൃതദേഹം കുറച്ചു സമയം അവിടെ വച്ചശേഷം സുഖലതയുടെ കുടുംബ വീടായ മരുതൂർക്കുള്ളര സുഖഭവനത്തിൽ കൊണ്ടു പോയി രാത്രി ഒൻപതുമണിയൊടെ അടക്കം ചെയ്തു. രണ്ടു പെൺമക്കളാണ് ഈ ദമ്പതികൾക്കുള്ളത്. മൂത്ത മകൾ കൃഷ്ണപ്രിയ ചെന്നൈയിൽ എം.ബി.ബി.എസിനും ഇളയ മകൾ പ്രിൻസികൃഷ്ണ കണ്ണൂരിൽ ആയൂർവേദ ബിരുദത്തിനും പഠിക്കുകയാണ്. തുറയിൽ കുന്ന് എസ്.എൻ.യു.പി. എസ് ഹെഡ് മാസ്റ്ററായിരുന്ന പരേതനായ സോമദത്തന്റെയും പരേതയായ ചന്ദ്രികയുടെയും മകളാണ് സുഖലത.