railway
തലയിണക്കാവ് റെയിൽവേ ഗേറ്റ്

പടിഞ്ഞാറേകല്ലട : പടിഞ്ഞാറേ കല്ലട പഞ്ചായത്തിലെ കോതപുരം തലയിണക്കാവ് റെയിൽവേ ഗേറ്റിലെ പാളങ്ങൾ വാഹന യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. ദിനംപ്രതി നിരവധി അപകടങ്ങളാണ് ഇവിടെ സംഭവിക്കുന്നത്. ഇരുചക്രവാഹനയാത്രക്കാരായ സ്ത്രീകളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. പാളങ്ങൾക്ക് ഇടയിൽ പാകിയി ട്ടുള്ള കോൺക്രീറ്റ് സ്ലാബുകളുടെ നിരപ്പിലെ ഏറ്റക്കുറച്ചിലുകളാണ് അപകടങ്ങൾക്ക് കാരണം. ഇത് ഒഴിവാക്കി അപകടങ്ങൾ കുറയ്ക്കുവാൻ വേണ്ട നടപടി റെയിൽവേയുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പടിഞ്ഞാറേ കല്ലട തലയിണക്കാവ് റെയിൽവേ അടിപ്പാത നിർമാണം ഉടൻ തുടങ്ങും

പടിഞ്ഞാറേ കല്ലട. പഞ്ചായത്തിലെ കോതപുരം തലയിണക്കാവ് റെയിൽവേ അടിപ്പാതയുടെ നിർമ്മാണം ഉടൻ തുടങ്ങുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. അടിപ്പാത നിർമ്മാണ സാമഗ്രികൾ ഇവിടെ ഇറക്കിയിട്ട് വർഷങ്ങളായി. റെയിൽവേയുടെ ചെന്നൈ ഓഫീസിൽ നിന്നും ട്രെയിൻ വേഗത കുറച്ചു പോകുന്നതിനുള്ള അനുമതി ലഭിക്കാത്തതായിരുന്നു നിർമ്മാണം വൈകാനുള്ള കാരണം. മാസങ്ങളായി നടന്നുവരുന്ന റെയിൽവേ ലൈനിലെ അറ്റകുറ്റപ്പണികൾ കാരണം മിക്ക ട്രെയിനുകളും വൈകിയാണ് ഓടിക്കൊണ്ടിരുന്നത്. കൊല്ലത്തിനും ശാസ്താംകോട്ടയ്ക്കും ഇടയിൽ പെരിനാട്ടും തലയിണക്കാവിലുമായി രണ്ട് റെയിൽവേ അടിപ്പാതകളാണ് റെയിൽവേ നിർമ്മിക്കുന്നത്. പെരിനാട് അടിപ്പാതയുടെ നിർമാണം ഒരു മാസത്തിനുള്ളിൽ പൂർത്തീകരിക്കും. അതിനുശേഷം തലയിണക്കാവ് അടിപ്പാതയുടെ നിർമാണം തുടങ്ങും. അടിപ്പാത പൂർത്തീകരിക്കുന്നതോടെ നിലവിലെ ഇവിടത്തെ റെയിൽവേ ഗേറ്റ് പൂർണമായി ഒഴിവാക്കപ്പെടും. ഇതോടെ പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനും ഇവിടത്തെ ജനങ്ങൾ റെയിൽവേഗേറ്റ് മൂലം അനുഭവിച്ചുവരുന്ന യാത്രാക്ലേശത്തിനും പരിഹാരമാകും. അടിപ്പാത നിർമാണം വേഗത്തിലാക്കാൻ നിരന്തരമുള്ള പത്രവാർത്തകളും കൂടാതെ എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, സോമപ്രസാദ് എന്നിവരുടെ ഇടപെടലും പ്രയോജനം ചെയ്തിട്ടുണ്ട്.