inaguration
ഇന്ത്യൻ ലായേഴ്സ് കോൺഗ്രസ്‌ ദക്ഷിണമേഖലാ സമ്മേളനം മനു അഭിഷേക് സിംഗ്‌വി ഉദ്ഘാടനം ചെയ്യുന്നു. പ്രതാപവർമ്മ തമ്പാൻ, ജോൺസൺ എബ്രഹാം, ടി. ആസഫ് അലി, ബിന്ദുകൃഷ്ണ, പി. സജീവ് ബാബു തുടങ്ങിയവർ സമീപം

ഇന്ത്യൻ ലായേഴ്സ് കോൺഗ്രസ് ദക്ഷിണ മേഖലാ സമ്മേളനം

കൊല്ലം: സമൂഹത്തിലാകെ ഭയത്തിന്റെ വലയം രൂപപ്പെടുകയാണെന്നും കഴിക്കുന്നതിന്റെയും ധരിക്കുന്നതിന്റെയും ചിന്തിക്കുന്നതിന്റെയും അടിസ്ഥാനത്തിൽ ജനങ്ങളെ ഭരണകൂടം വർഗവൽക്കരിക്കുകയാണെന്നും സുപ്രീം കോടതി അഭിഭാഷകനും കോൺഗ്രസ് എം.പിയുമായ മനു അഭിഷേക് സിംഗ്‌വി പറഞ്ഞു. ഇന്ത്യൻ ലായേഴ്സ് കോൺഗ്രസിന്റെ ദക്ഷിണ മേഖലാ സമ്മേളനം കൊല്ലം സുമംഗലി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവരെ വസ്ത്രത്തിലൂടെ തിരിച്ചറിയാമെന്ന പ്രധാനമന്ത്രിയുടെ പ്രസ്‌താവന ഭരണകൂടം ജനങ്ങളെ വേർതിരിക്കുന്നുവെന്നതിന്റെ അടയാളമാണ്.

ഇഷ്‌ടമുള്ളത് കഴിക്കുകയും ധരിക്കുകയും ചിന്തിക്കുകയും പറയുകയും ചെയ്യുന്ന ജനങ്ങളുടെ വൈവിദ്ധ്യങ്ങളുടെ രാജ്യമാണ് ഇന്ത്യ. പക്ഷേ ഒരു രാജ്യം ഒരു ഭാഷ, ഒരു മതം എന്ന തരത്തിൽ രാജ്യത്തിന്റെ വൈവിദ്ധ്യങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ് കേന്ദ്രസർക്കാർ. ദിവസവും പുതിയ ശത്രുക്കളെ കണ്ടെത്താനാനുള്ള ആർത്തിയാണ് കേന്ദ്ര സർക്കാരിനെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് ടി. ആസഫ് അലി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ട്രഷറർ ജോൺസൺ എബ്രഹാം, ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്‌ണ, സംഘാടക സമിതി ജനറൽ കൺവീനർ പി. സജീവ് ബാബു, ജി. പ്രതാപ വർമ്മ തമ്പാൻ,ഐ.എൽ.സി ജനറൽ സെക്രട്ടറി വി.എസ്. ചന്ദ്രശേഖരൻ, ഐ.എൽ.സി നേതാക്കളായ രാജു ജോസഫ്, വഞ്ചിയൂർ പി. പരമേശ്വരൻ നായർ, ജോയ് ജോർജ്, വി.സി. സാബു, പി. റഹിം തുടങ്ങിയവർ പ്രസംഗിച്ചു.