കൊട്ടാരക്കര: തമിഴ് കൊള്ളസംഘ തലവൻ രാജശേഖനുമായി മോഷണങ്ങളുടെ തുമ്പ് തേടിയുള്ള അന്വേഷണത്തിലാണ് സംസ്ഥാന പൊലീസ്. കേരളത്തിലങ്ങോളമിങ്ങോളം രാജശേഖരനും സംഘവും നടത്തിയത് വൻ കവർച്ചയാണ്. ഏറ്റവുമൊടുവിൽ പത്തനാപുരത്തെ പ്രവാസിയുടെ വീട്ടിൽ നടത്തിയ മോഷണ ശ്രമത്തിന്റെ അന്വേഷണത്തിനായി പത്തനാപുരം പൊലീസ് കസ്റ്റഡിയിലാണ് രാജശേഖരൻ. കൂട്ടാളികളെയും ഉടൻ കസ്റ്റഡിയിൽ ആവശ്യപ്പെടും.
തൃശൂർ മണ്ണുത്തിയിലെ മോഷണത്തിന്റെ തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷമാണ് രാജശേഖരനെ കോയമ്പത്തൂർ ജയിലിൽ എത്തിച്ചതും അവിടെ നിന്ന് പത്തനാപുരം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയതും. ചോദ്യം ചെയ്യലിൽ നടത്തിയ വലിയ മോഷണങ്ങളുടെ വിവരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രധാനി ഉൾപ്പെടെ മൂന്നുപേർ പിടിയിലായതോടെ സംസ്ഥാനത്തെ വൻ കവർച്ചാക്കേസുകൾ തെളിയിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. തൃശൂർ മണ്ണുത്തിയിലേതടക്കം നിരവധി കവർച്ചകൾ നടത്തിയതായി പിടിയിലായ രാജശേഖരനും കൂട്ടാളികളും അന്വേഷണ സംഘത്തോട് വ്യക്തമാക്കി. സേലം സ്വദേശി രാജശേഖരൻ (40), തിരുനൽവേലി സ്വദേശിനി സിന്ധു, പൂന്തുറൈ സ്വദേശി പാണ്ടിദുരൈ (26), മധുര സ്വദേശി മാരിയപ്പൻ (30) എന്നിവരാണ് പിടിയിലായത്. ഇനി സംഘത്തിലെ സുരേഷിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
പത്തനാപുരത്ത മോഷണശ്രമം
മണ്ണുത്തിയിലെ മോഷണത്തിന് ശേഷം തമിഴ്നാട്ടിലേക്ക് കടക്കാൻ പത്തനാപുരം വഴിയാണ് സംഘം കാറിൽ സഞ്ചരിച്ചത്. അപ്പോഴാണ് പ്രവാസിയുടെ വീട്ടിൽ കവർച്ചാ ശ്രമം നടത്തിയത്. ഇത് വിജയിക്കാതെ വന്നതോടെ സംഘം തമിഴ്നാട്ടിലേക്ക് പോയി. ഈ കേസുമായി ബന്ധപ്പെട്ട് റൂറൽ എസ്.പി ഹരിശങ്കറിന്റെ പ്രത്യേക ടീമും മണ്ണുത്തി കേസുമായി ബന്ധപ്പെട്ട് തൃശൂർ എ.സി.പി വി.കെ.രാജുവിന്റെ നേതൃത്വത്തിലുള്ള സംഘവും കൊള്ളസംഘത്തിന് പിന്നിലുണ്ടായിരുന്നു. സംസ്ഥാന പൊലീസ് തമിഴ്നാട് പൊലീസുമായി സഹകരിച്ച് വിവരങ്ങൾ കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് സംഘത്തലവനായ രാജശേഖരനെ പിടികൂടാനായത്.