c
നെടുവത്തൂരിൽ സി.പി.ഐ വിട്ടവർ സി.പി.എമ്മിലേക്ക്

കൊട്ടാരക്കര: നെടുവത്തൂരിൽ സി.പി.ഐ വിട്ട നേതാക്കളുൾപ്പടെ 200 പേർ സി.പി.എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനമായി. 14ന് വൈകിട്ട് 5ന് പുത്തൂർ വിദ്യാസാഗർ കോളേജിൽ ചേരുന്ന ചടങ്ങിൽ തേവലപ്പുറം ലോക്കൽ കമ്മിറ്റിയുടെ പരിധിയിലുള്ള 120 പേർക്ക് സി.പി.എമ്മിലേക്കുള്ള അംഗത്വം നൽകും. രണ്ടാം ഘട്ടത്തിൽ നെടുവത്തൂർ ലോക്കൽ കമ്മിറ്റി പരിധിയിലെ അംഗങ്ങൾക്കും മെമ്പർഷിപ്പ് നൽകാനാണ് നിശ്ചയിച്ചിട്ടുള്ളത്. സി.പി.ഐ നെടുവത്തൂർ മണ്ഡലം കമ്മിറ്റി അംഗവും സഹകരണ വേദി ജില്ലാ സെക്രട്ടറിയുമായിരുന്ന ബി.എസ്. ഗോപകുമാർ, നെടുവത്തൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി. അനിൽകുമാർ, നെടുവത്തൂർ പഞ്ചായത്തിലെ സി.പി.ഐയുടെ ഏക പഞ്ചായത്തംഗം ഉണ്ണിക്കൃഷ്ണപിള്ള എന്നിവരുൾപ്പടെ നെടുവത്തൂർ പഞ്ചായത്തിലുള്ള 200 പേരാണ് രാജിവച്ചിരുന്നത്. പാർട്ടിക്കുള്ളിലെ വിഭാഗീയ പ്രവർത്തനങ്ങളിലും സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയവുമാണ് ഇവരെ പാർട്ടിക്ക് പുറത്തേക്കുള്ള തീരുമാനത്തിലെത്തിച്ചത്. മാസങ്ങൾക്ക് മുൻപ് പത്രസമ്മേളനം നടത്തി രാജി പ്രഖ്യാപിച്ചുവെങ്കിലും ഇപ്പോഴാണ് സി.പി.എമ്മിൽ ചേരുവാനുള്ള തീരുമാനത്തിലെത്തിയത്. 14ന് നടക്കുന്ന ജനറൽ ബോഡിയിൽ ജില്ലാ സെക്രട്ടറി എസ്. സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗം ബി. രാഘവൻ, ജില്ലാ സെക്രട്ടേറിയറ്റംഗം പി.എ. എബ്രഹാം, ഏരിയാ സെക്രട്ടറി പി. തങ്കപ്പൻപിള്ള, ലോക്കൽ കമ്മിറ്റി സെക്രട്ടറി അമൽരാജ് എന്നിവർ പങ്കെടുക്കും.