ഒാച്ചിറ: ദേശീയപാതയിൽ ഓച്ചിറ വലിയകുളങ്ങര ക്ഷേത്രത്തിന് മുൻവശം മുതൽ ചങ്ങൻകുളങ്ങര സോമില്ലിന് മുൻവശം വരെയുള്ള ഭാഗത്ത് വാഹനാപകടങ്ങൾ വർദ്ധിക്കുന്നു. അപകട കേന്ദ്രങ്ങളായ 56 ബ്ലാക്ക് സ്പോട്ടുകളാണ് ജില്ലയിൽ ദേശീയപാത അതോറിറ്റി നിർണയിച്ചിട്ടുള്ളത്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് ഒാച്ചിറയിലേത്. ഇവിടെ അപകടം കുറയ്ക്കുന്നതിന്റെ ഭാഗമായി 2 കോടി രൂപ ചെലവിൽ 1.25 കിലോമീറ്ററർ നീളത്തിലും 30 മീറ്റർ വീതിയിലും റോഡ് പുനർ നിർമ്മിച്ചിരിക്കുകയാണ്.
എസ്.ആർ.വി.യു.പി സ്കൂളിനോട് ചേർന്ന് സർവീസ് റോഡ് നിർമ്മിച്ചിട്ടുണ്ട്. തഴവ, വള്ളികുന്നം ഭാഗങ്ങളിലേക്ക് പോകുന്നവർക്ക് സർവീസ് റോഡ് ഉപയോഗിക്കാം. ഇത് സ്കൂൾ വിദ്യാർത്ഥികൾക്കും അനുഗ്രഹമാണ്. സ്കൂളിലേക്ക് വരുന്ന വാഹനങ്ങളിൽ നിന്നും വിദ്യാർത്ഥികളെ ഇറക്കുന്നതിനും കയറ്റുന്നതിനും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും സർവീസ് റോഡ് ഫലപ്രദമാണ്.
വേഗത കൂടുന്നു... അപകടങ്ങളും
റോഡിന് വീതി കൂടിയതിനാൽ വാഹനങ്ങൾ അതിത വേഗതയിൽ സഞ്ചരിക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ബ്ലോക്ക് ജംഗ്ഷൻ മുതൽ ചങ്ങൻകുളങ്ങര ജംഗ്ഷൻ വരെ റോഡിൽ ഡിവൈഡർ സ്ഥാപിച്ചെങ്കിലും രാത്രിയിൽ വഴിവിളക്കുകൾ പ്രകാശിക്കാത്തതിനാൽ താൽക്കാലികമായി ഡിവൈഡർ മാറ്റിയിരിക്കുകയാണ്. തെരുവു വിളക്കുകൾ സ്ഥാപിച്ചതിന് ശേഷം മാത്രമേ ഇവിടെ ഡിവൈഡർ പുനസ്ഥാപിക്കുകയുള്ളൂ. വലിയകുളങ്ങര ക്ഷേത്രത്തിന് മുൻവശം, ബ്ലോക്ക് ജംഗ്ഷൻ, ചങ്ങൻകുളങ്ങര ജംഗ്ഷൻ എന്നിവിടങ്ങളിൽ രാത്രിയായി കഴിഞ്ഞാൽ കൂരിരുട്ടാണ്. ഇതും അപകടങ്ങളുടെ മുഖ്യ കാരണമാണ്.
ദേശീയപാതയിൽ വഴിവിളക്കുകൾ പ്രകാശിക്കാത്തത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ചങ്ങൻകുളങ്ങര ബ്ലോക്ക് ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ സംവിധാനവും ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിക്കണം
സതീശ് പ്ലാലേമ്പിൽ, ആദി ഗ്രാഫിക്സ്, ചങ്ങൻകുളങ്ങര