paalam
പാവുമ്പാ മുത്തശ്ശി പാലം നിലംപൊത്താറായ നിലയിൽ

നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു

തഴവ: പാവുമ്പയ്ക്ക് വികസനത്തിന്റെ പാതയൊരുക്കിയ മുത്തശ്ശിപ്പാലം സംരക്ഷിക്കണമെന്ന ആവശ്യം നാട്ടിൽ ശക്തമാകുന്നു. പാവുമ്പയെ പടിഞ്ഞാറൻ മേഖലയുമായി ബന്ധിപ്പിച്ചിരുന്ന വെള്ളാരം കല്ലിൽ തീർത്ത പഴയപാലം ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. പഴക്കം, നിർമ്മാണരീതി, നിർമ്മാണ സാമഗ്രികളുടെ അപൂർവത എന്നിവ പരിഗണിച്ച് പാലം ഏറ്റെടുത്ത് സംരക്ഷിക്കുമെന്ന് പുരാവസ്തു വകുപ്പ് ഉറപ്പ് നൽകിയിരുന്നെങ്കിലും നാളിതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. റോഡ് വികസനത്തിന് ആനുപാതികമായി പഴയ പാലത്തിനോട് ചേർന്ന് രണ്ട് തവണയാണ് പാലങ്ങൾ നിർമ്മിച്ചത്. ഇതുമായി ബന്ധപ്പെട്ട് ടി.എസ് കനാലിൽ നിന്നും ആഴത്തിൽ മണ്ണെടുപ്പ് നടത്തിയതാണ് പഴയ പാലത്തിന്റെ തൂണ് ചരിയുവാൻ കാരണമായത്.

500 വർഷത്തെ പഴക്കം

പാലം സംരക്ഷിക്കണമെന്ന നാട്ടുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും നിരന്തരമായ ആവശ്യത്തെ തുടർന്ന് സംസ്ഥാന പുരാവസ്തു ഡയറക്ടർ നേരിട്ടെത്തി പാലം സന്ദർശിച്ചിരുന്നു. തുടർന്ന് പാലത്തിന് ശരാശരി അഞ്ഞൂറ് വർഷത്തിലധികം പഴക്കമുണ്ടെന്ന് പുരാവസ്തു ഡയറക്ടർ വ്യക്തമാക്കുകയും ചെയ്തു.

വെള്ളാരം കല്ല്

സംസ്ഥാനത്ത് തന്നെ അപൂർവമായി കാണപ്പെടുന്ന വെള്ളാരം കല്ലിൽ തീർത്ത മൂന്ന് മീറ്റർ നീളമുള്ള നാല് ഷീറ്റുകൾ പാറയുടെ തന്നെ ഇഷ്ടികയടുക്കിയുണ്ടാക്കിയ തൂണിൽ ഘടിപ്പിച്ചാണ് പാലം നിർമ്മിച്ചിരിക്കുന്നത്. കുമ്മായം ഉൾപ്പടെയുള്ള യാതൊരു മിശ്രിതവും ഉപയോഗിക്കാതെ ക്രമാനുഗതമായി പാറയടുക്കി നിർമ്മിച്ചിരിക്കുന്ന പാലം പ്രാചീന തച്ചുശാസ്ത്ര വൈദഗ്ദ്ധ്യത്തിന്റെ പ്രതീകം കൂടിയാണ്.

പാലം തനത് രീതിയിൽ പുനക്രമീകരണം നടത്തി സംരക്ഷിക്കാൻ തയ്യാറായില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകും

മുത്തശ്ശി പാലം സംരക്ഷണ സമിതി ചെയർമാൻ പാവുമ്പാസുനിൽ, കൺവീനർ മേലൂട്ട് പ്രസന്നകുമാർ