കൊല്ലം: കരിക്കോട് ജംഗ്ഷനിൽ കുറ്റിക്കാടിന് തീപിടിച്ചെങ്കിലും അനിഷ്ടസംഭവങ്ങൾ ഒഴിവായി. ഇന്നലെ രാവിലെ 8 മണിയോടെയായിരുന്നു സംഭവം. ജംഗ്ഷനിലെ ബസ് സ്റ്റോപ്പിന് പിന്നിലുള്ള കുറ്റിക്കാടിനാണ് തീപിടിച്ചത്. ഇവിടെ മാലിന്യം കുന്നുകൂടിക്കിടന്നതിലേക്ക് തീ വ്യാപിക്കുകയായിരുന്നു.
റെയിൽവേ പാളത്തോട് ചേർന്നാണ് തീപിടിത്തമുണ്ടായത്. ട്രെയിൻ കടന്നുപോകാൻ മിനിട്ടുകൾ ശേഷിക്കുമ്പോഴുണ്ടായ തീപിടിത്തം പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും കൊല്ലത്ത് നിന്ന് ഫയർഫോഴ്സ് സംഘമെത്തി തീകെടുത്തി.
ജംഗ്ഷനിൽ റെയിൽവേ പാളത്തിനും ദേശീയപാതയ്ക്കും ഇടയിലായി കുറ്റിക്കാടുകൾ വളർന്നുനിൽക്കുന്നതാണ് ഇവിടെ തീപിടിക്കാൻ കാരണമാകുന്നത്. ഇവ നീക്കം ചെയ്യണമെന്ന നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യത്തോട് അധികൃതർ പ്രതികരിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.