photo
ആനക്കോട്ടൂർ ഗവ.എൽ.പി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ കോൺക്രീറ്റിനുള്ള തയ്യാറെടുപ്പുകൾ

കൊട്ടാരക്കര: നെടുവത്തൂർ ആനക്കോട്ടൂർ ഗവ. എൽ.പി സ്കൂളിന്റെ ഹൈടെക് സ്വപ്നങ്ങൾ യാഥാ‌ർത്ഥ്യമാകുന്നു. സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ കോൺക്രീറ്റ് ഇന്ന് നടക്കും. നാടിന്റെ അക്ഷര മുത്തശ്ശിയായ ഈ പ്രാഥമിക വിദ്യാലയം കാലത്തിനൊത്ത് തലയുയർത്തുന്നതിന്റെ സന്തോഷത്തിലാണ് ഗ്രാമവാസികൾ. പൊതുവിദ്യാലയ സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി പി. ഐഷാപോറ്റി എം.എൽ.എ അനുവദിച്ച ഒരു കോടി എഴുപത്തഞ്ച് ലക്ഷം രൂപ ഉപയോഗിച്ചാണ് ആധുനിക സംവിധാനങ്ങളുള്ള കെട്ടിടം നിർമ്മിക്കുന്നത്. മൂന്ന് നിലയുള്ളതാണ് കെട്ടിടം. ഇതിന്റെ ആദ്യ ബ്ളോക്കിന്റെ കോൺക്രീറ്റാണ് ഇപ്പോൾ നടക്കുന്നത്. നൂറ്റാണ്ടിന്റെ പെരുമയുള്ള മുത്തശ്ശി വിദ്യാലയത്തിൽ അപര്യാപ്തതകൾ ഏറെയുണ്ടായിരുന്നു. തീർത്തും ഗ്രാമീണ അന്തരീക്ഷമുള്ള ആനക്കോട്ടൂരിൽ പരിമിതികളോട് പടവെട്ടി മികച്ച നിലവാരം പുലർത്തിയിരുന്ന സ്കൂളിന് പുതിയ സംവിധാനങ്ങൾ വലിയ മാറ്റമുണ്ടാക്കും. കഴിഞ്ഞ രണ്ടുവർഷമായി കുട്ടികളുടെ എണ്ണം വർദ്ധിക്കുകയാണ്.. അടുത്ത അദ്ധ്യയന വർഷത്തെ മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു.


കൂട്ടായ പ്രവർത്തനത്തിലൂടെ വിദ്യാലയം ഉയർച്ചയിലേക്ക്

ആനക്കോട്ടൂരിലെ മുത്തശ്ശി വിദ്യാലയമാണ് ഗവ.എൽ.പി സ്കൂൾ. ഇവിടെ നിന്നും അക്ഷരത്തെ ചേർത്തുപിടിച്ചാണ് ഗ്രാമവാസികൾ വളർന്നത്. ഇവിടെ പഠനം ആരംഭിച്ച് ഉന്നത നിലകളിൽ എത്തിയവരുടെ എണ്ണം ഏറെയാണ്. സ്കൂളിനെ ഹൈടെക്കാക്കി മാറ്റാനുള്ള പരിശ്രമമാണ് ഇപ്പോൾ നടക്കുന്നത്.

(ആർ.ശിവകുമാർ, പി.ടി.എ പ്രസിഡന്റ്)

പി. ഐഷാപോറ്റി എം.എൽ.എ അനുവദിച്ച 1.75 കോടി രൂപ ഉപയോഗിച്ചാണ് ആധുനിക സംവിധാനങ്ങളുള്ള കെട്ടിടം നിർമ്മിക്കുന്നത്.

ഫർണിച്ചർ വാങ്ങുന്നതിനായി ജില്ലാ പഞ്ചായത്തംഗം എസ്. പുഷ്പാനന്ദൻ 10 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്

ഹൈടെക് ലാബുകൾ

ഹൈടെക് ലാബുകളും കമ്പ്യൂട്ടർ സംവിധാനങ്ങളും കളിക്കോപ്പുകളും മറ്റ് വിനോദ വിജ്ഞാന ഉപാധികളുമൊക്കെ ഇവിടേക്ക് എത്തുകയാണ്. ഫർണിച്ചർ വാങ്ങുന്നതിനായി ജില്ലാ പഞ്ചായത്തംഗം എസ്. പുഷ്പാനന്ദൻ പത്ത് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഗ്രാമ- ബ്ളോക്ക് പഞ്ചായത്തുകളുടെ സഹായംകൂടി ചേരുമ്പോൾ ഈ സർക്കാർ എൽ.പി സ്കൂൾ മെച്ചപ്പെട്ട നിലവാരത്തിലെത്തും.