എഴുകോൺ: തലേന്ന് രാത്രി വരെ തങ്ങളോടൊപ്പം ഉണ്ടായിരുന്ന സഹപ്രവർത്തകന്റെ മരണം ഉൾക്കൊള്ളാൻ എഴുകോൺ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. രണ്ടുവർഷം മുമ്പുവരെ നന്നായി മദ്യപിക്കുന്ന ശീലമുണ്ടായിരുന്ന സ്റ്റാലിനെ ഡീ അഡിക്ഷൻ സെന്ററിൽ ചികിത്സയ്ക്ക് കൊണ്ടുപോയിരുന്നു. ഇതിന് ശേഷം മദ്യപാനശീലം മാറുകയും ജോലിയിലും വീട്ടുകാര്യങ്ങളിലും കൂടുതൽ ജാഗ്രത കാട്ടുകയും ചെയ്തിരുന്നു. സഹപ്രവർത്തകർക്കും നല്ല അഭിപ്രായമാണ് ഉണ്ടായിരുന്നത്. സ്വന്തമായി ഒരു വീട് എന്ന സ്വപ്നത്തെ തുടർന്ന് അടുത്തിടെ കേരളപുരത്തിനടുത്ത് വീടും സ്ഥലവും വിലയ്ക്ക് വാങ്ങിയിരുന്നു.
രണ്ടാഴ്ച മുമ്പ് ഇതിന്റെ വെഞ്ചരിപ്പ് നടത്തുകയും ചെയ്തിരുന്നു. വേനലവധി കാലത്ത് കുട്ടികൾക്കൊപ്പം വീട്ടിലേക്ക് താമസം മാറാൻ ഇരിക്കെയാണ് മരണം. കഴിഞ്ഞ കുറേ ദിവസങ്ങളായി സന്തോഷവാനായിരുന്നില്ലെന്ന് മാത്രമേ മറ്റ് പൊലീസുകാർക്ക് പറയാനുള്ളൂ. ഒരുമാസം മുമ്പാണ് സ്റ്റാലിന് എ.എസ്.ഐയായി പ്രൊമോഷൻ ലഭിച്ചത്. പെട്ടെന്നുള്ള സഹപ്രവർത്തകന്റെ മരണം നൽകിയ ഞെട്ടലിലാണ് സ്റ്റേഷനിലെ പൊലീസുകാർ. എഴുകോൺ സ്റ്റേഷനിൽ മൃതദേഹം പൊതു ദർശനത്തിന് വച്ചപ്പോൾ വിറയാർന്ന കൈകൾ കൊണ്ടാണ് സഹപ്രവർത്തകർ സ്റ്റാലിന് സലൂട്ട് നല്കിയത്.