കൊല്ലം: ശബരിമലയുടെ ആചാരം സംരക്ഷിച്ചും ഹൈന്ദവ വിശ്വാസ താൽപര്യം മാനിച്ചും സുപ്രീം കോടതിയിൽ നയം വ്യക്തമാക്കുമെന്ന് ഇടതുപക്ഷ സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സ്വീകരിച്ച നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 2016ൽ ദേവസ്വം ബോർഡ് നൽകിയ സത്യവാങ്മൂലത്തെ അനുകൂലിക്കാൻ സർക്കാർ നിർബന്ധിതമായത് ഭക്തജന സമൂഹത്തിന്റെ വിജയമാണ്.
ആത്മാർത്ഥത കൊണ്ടല്ല വോട്ടു ബാങ്കിൽ കണ്ണുവച്ച് മാത്രമാണ് സർക്കാർ ആചാരാനുഷ്ഠാന സംരക്ഷകരായി മാറുന്നത്. ഈശ്വരവിശ്വാസം ഇല്ലായ്മ ചെയ്യാൻ പരിശ്രമിച്ച് പരാജിതരായ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും മാപ്പു പറഞ്ഞാലും കഴിഞ്ഞ മണ്ഡലകാല സംഭവങ്ങൾ ജനങ്ങൾ മറക്കില്ല. അതിനുള്ള മറുപടി തിരഞ്ഞെടുപ്പുകളിൽ ഇനിയും തിരിച്ചടിയാകും. യുവതീ പ്രവേശനത്തെ എതിർത്തതിനാൽ സ്ഥാനം നഷ്ടപ്പെട്ട താൻ മുൻ നിലപാട് തിരുത്താൻ ഒരുക്കമല്ലെന്നും പ്രയാർ പറഞ്ഞു.