mp
കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടന്ന പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട സെമിനാർ എൻ.കെ പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.

കൊല്ലം: പൗരത്വ നിയമ ഭേദഗതിയെ മുസ്ലിം വിഷയമായി കാണരുതെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു. കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ ആശ്രാമം യൂനുസ് കൺവൻഷൻ സെന്ററിൽ സംഘടിപ്പിച്ച ‘പൗരത്വ ഭേദഗതി നിയമം, ചതിക്കുഴികൾ തിരിച്ചറിയുക’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതര രാഷ്ട്രത്തെ മതാധിഷ്ഠിത രാഷ്ട്രമാക്കി മാറ്റാനുള്ള പരിശ്രമത്തിന്റെ ഭാഗമാണ് ഈ നിയമം. പൗരത്വ നിയമത്തെക്കുറിച്ച് പാർലമെന്റിൽ കാര്യമായ ചർച്ച നടത്താതെയും ഭേദഗതി നിർദ്ദേശങ്ങൾ പരിഗണിക്കാതെയും ബിൽ പാസാക്കിയത് ജനാധിപത്യ മര്യാദകൾക്ക് നിരക്കുന്നതല്ല. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട സമരത്തിൽ നിന്ന് പിന്നോട്ട് പോകരുതെന്നും പ്രേമചന്ദ്രൻ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം എന്തെന്ന് വ്യക്തമാക്കുന്ന സെമിനാറിന് സുപ്രീം കോടതി അഭിഭാഷകൻ ഹാരിസ് ബീരാൻ നേതൃത്വം നൽകി. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്‌ക്കൽ അബ്ദുൽ അസീസ് മൗലവി അദ്ധ്യക്ഷത വഹിച്ചു. തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി, എ.കെ. ഉമർ മൗലവി, പാങ്ങോട് എ. ഖമറുദീ‍ൻ മൗലവി, എം.എ. സമദ്, കടയ്‌ക്കൽ ജുനൈദ് എന്നിവർ പ്രസംഗിച്ചു.