crime

കൊല്ലം: കടപ്പാക്കടയിൽ അക്രമം നടത്തിയ യുവാവിനെ നാട്ടുകാരും പൊലീസും ചേർന്ന് കീഴ്പ്പെടുത്തി. ഇന്നലെ ഉച്ചയ്ക്ക് 2.30ന് കടപ്പാക്കടയിലെ ഗോൾഡ് കവറിംഗ് സ്റ്റോറിന് മുന്നിലാണ് നാടകീയമായ രംഗങ്ങൾ അരങ്ങേറിയത്.

കടയുടെ മുന്നിൽ നിൽക്കുകയായിരുന്ന യുവാവിനോട് അവിടെ നിന്ന് മാറാൻ സുരക്ഷാ ജീവനക്കാരൻ ആവശ്യപ്പെട്ടു. ഇതിൽ കുപിതനായ യുവാവ് സുരക്ഷാ ജീവനക്കാരനെ മർദ്ദിച്ചതോടെയാണ് സംഭവങ്ങൾക്ക് തുടക്കമായത്. ഇതുകണ്ട നാട്ടുകാർ യുവാവിനെ പിടികൂടി സ്ഥലത്ത് ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോം ഗാർഡിന് കൈമാറി. ഇതോടെ കുതറിമാറിയ യുവാവ് റോഡിലെ കൈവരിയിൽ തലയിടിച്ച് സ്വയം പരിക്കേൽപ്പിച്ചു. ഉടൻ തന്നെ ട്രാഫിക് പൊലീസ് ജീപ്പെത്തിച്ച് യുവാവിനെ ഉള്ളിൽ കയറ്റിയെങ്കിലും ഇയാൾ പൊലീസിനെയും ആക്രമിക്കാൻ മുതിർന്നു. ഇതോടെ നാട്ടുകാർ ജീപ്പ് വളഞ്ഞ് യുവാവിനെ തടഞ്ഞുവച്ചു. ഈസ്റ്റ്‌ പൊലീസ് സ്റ്റേഷനിൽ നിന്ന് കൂടുതൽ പോലീസെത്തിയാണ് യുവാവിനെ സ്ഥലത്ത് നിന്ന് മാറ്റിയത്.

തല പൊട്ടി രക്തമൊലിക്കുന്ന നിലയിലായിരുന്ന യുവാവിനെ പൊലീസ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. യുവാവിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികതകൾ തോന്നിയതിനാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.