01

ആലപ്പുഴ : ബൈക്കിൽ ചുറ്റിക്കറങ്ങി സ്ത്രീകളുടെ മാല പൊട്ടിച്ചെടുക്കുന്ന രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. ആലപ്പുഴ പുന്നപ്ര വണ്ടാനം കാട്ടുപുറം വെളിയിൽ ഫിറോസ് (കോയാമോൻ-34), കൊല്ലം കരുനാഗപ്പള്ളി മൈനാഗപ്പള്ളി തുണ്ടുവിള കിഴക്കേതിൽ ഷിഹാദ്(ഷിഹാബ്-30) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്.

വൈകുന്നേരങ്ങളിൽ പൾസർ ബൈക്കുകളിലെത്തിയാണ് ഇവർ വഴിയാത്രക്കാരായ സ്ത്രീകളുടെ മാല പൊട്ടിച്ചിരുന്നത്. കഴിഞ്ഞ മൂന്നുവർഷമായി പൊലീസിനെ വിദഗ്ദ്ധമായി കബളിപ്പിച്ചിരുന്ന ഇരുവരെയും ജില്ലാ പൊലീസ് മേധാവി കെ.എം.ടോമിയുടെ നേതൃത്വത്തിൽ ഓപ്പറേഷൻ 916ലൂടെയാണ് കുരുക്കിയത്. ഇവർ 30മോഷണങ്ങൾ നടത്തിയതായി ജില്ലാ പൊലീസ് മേധാവി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 17കേസുകളിൽ 35പവൻ സ്വർണാഭരണങ്ങൾ കണ്ടെടുത്തു. സൗദിയിൽ ജോലിചെയ്യുമ്പോഴാണ് ഫിറോസും ഷിഹാദും പരിചയത്തിലായത്.

ഇരുവരും 2016 ൽ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി. സ്വന്തമായി ബിസിനസ് നടത്താൻ പണം കണ്ടെത്താനാണ് ഇവർ മാലമോഷണത്തിനിറങ്ങിയത്. വാട്സാപ്പിൽ കണ്ട ചില വീഡിയോകളായിരുന്നു പ്രചോദനം. ഷിഹാദ് ബൈക്ക് ഓടിക്കും. ഫിറോസ് പിന്നിലിരുന്ന് മാലപൊട്ടിച്ചെടുക്കുകയുമായിരുന്നു പതിവ്. മോഷണം നടത്തിയ തുക കൊണ്ട് ആദ്യം ഇവർ കരുനാഗപ്പള്ളിയിൽ ഒരുമെൻസ് ഷോപ്പ് തുടങ്ങി. ഫിറോസ് ചേർത്തല എസ്.എൻ കോളേജിനു സമീപവും പുന്നപ്ര കുറവൻതോട്ടിലും ബ്ലാക്ക് ഫോറസ്റ്റ് എന്ന പേരിൽ ബേക്കറിയും ഐസ്‌ക്രീം പാർലറും നടത്തി വരുകയായിരുന്നു. കരുനാഗപ്പള്ളിയിൽ പാരിസ് മെൻസ് വെയർ എന്ന സ്ഥാപനം രണ്ടുപേരും കൂടി പാർട്ണർഷിപ്പിൽ നടത്തിയെങ്കിലുംവരുമാനത്തെ കുറിച്ചുള്ള തർക്കത്തെ തുടർന്ന് കഴിഞ്ഞ മേയ് മാസത്തിൽ രണ്ട് പേരും വഴിപിരിഞ്ഞു.

പിന്നീട് ഷിഹാബ് ഒറ്റയ്ക്ക് ഈ നടത്തി വരുകയായിരുന്നു. സമൂഹത്തിൽ മാന്യൻമാരായി കഴിഞ്ഞുകൊണ്ടായിരുന്നു ഇവരുടെ മോഷണം. ആറുമാസം മുമ്പ് ഇരുവരും വഴക്കിട്ട് പിരിഞ്ഞതിനു ശേഷം ഇവർ ഒറ്റയ്ക്കാണ് മാലമോഷണത്തിനിറങ്ങിയിരുന്നത്. നവംബർ 30ന് പൂങ്കാവിൽ നിന്നും മണ്ണഞ്ചരിയിൽ നിന്നും സ്ത്രീകളുടെ മാല ഫിറോസ് പറിച്ചെടുത്തതിനെത്തുടർന്നാണ് പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം കൊടുത്തത്.