പത്തനാപുരം; കലഞ്ഞൂർ - പാടം റോഡിന്റെ പുനർനിർമ്മാണത്തിന്റെ ഭാഗമായി വാഴപ്പാറ പാലം പൊതുമരാമത്ത് വകുപ്പ് പൊളിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് പാലം പൂർണമായും പൊളിച്ച് മാറ്റിയത്. പഴയത് നടപ്പാലമാക്കി നിലനിറുത്തി പുതിയപാലം നിർമിക്കാനുള്ള തീരുമാനം അട്ടിമറിച്ചത് കൈയേറ്റക്കാരെ സംരക്ഷിക്കാനാണന്ന ആക്ഷേപവും ശക്തമാണ്.
നൂറുകണക്കിനാളുകൾ ആശ്രയിക്കുന്ന പ്രധാന പാതയിലെ പാലം പൊളിച്ചതോടെ കിഴക്കൻ മലയോര പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. വാഴപ്പാറ പാലത്തിന് സമാന്തരമായി അഞ്ചര മീറ്റർ വീതിയിൽ ഒരു പാലംകൂടി നിർമ്മിക്കാനായിരുന്നു പദ്ധതി. എന്നാൽ ഇത് അട്ടിമറിക്കപെട്ടതായാണ് ആക്ഷേപം.
ആയിരങ്ങളെ ബാധിക്കും
കൊല്ലം - പത്തനംതിട്ട ജില്ലകളിലൂടെ കടന്നുപോകുന്ന കലഞ്ഞൂർ - പാടം റോഡിലെ വാഴപ്പാറ പാലം പൊളിച്ചത് ആയിരക്കണക്കിന് യാത്രക്കാരെ ബാധിക്കും. ഏഴു കിലോമീറ്ററോളം അധികം യാത്രചെയ്ത് വേണം പത്തനാപുരത്തും കലഞ്ഞൂരിലുമെത്താൻ.
സ്കൂൾ, കോളേജ് വിദ്യാർത്ഥികളെയാണ് പാലം പൊളിച്ചത് ഏറെ ബാധിക്കുന്നത്. നിലവിൽ 23 സ്കൂൾ ബസുകളാണ് ഇതുവഴി കടന്നുപോയിരുന്നത്. നിരവധി കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളും ഈ റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്.