പത്തനാപുരം: തലവൂർ ഗ്രാമ പഞ്ചായത്ത് 2020-21 വികസന സെമിനാർ തലവൂർ സോജു ഒാഡിറ്റോറിയത്തിൽ നടന്നു. ആയുർവേദാശുപത്രിയിൽ വന്ധ്യത ചികിത്സയ്ക്കായുള്ള പദ്ധതി, കുട്ടികളുടെ ദന്താരോഗ്യം തുടങ്ങിയ മേഖലകളിൽ പുതിയ പദ്ധതികൾ നടപ്പിലാക്കും. പ്രാഥമികാരോഗ്യ കേന്ദ്രം പഞ്ചാരക്കൂട്ടം പദ്ധതി വ്യാപകമാക്കുന്നതോടൊപ്പം കുട്ടികളുടെ പാലിയേറ്റീവ് ഗ്രൂപ്പ് പ്രവർത്തനം ഈ വർഷം ആരംഭിക്കും. ഗർഭിണികൾക്കായി 'കണ്മണി' എന്ന നൂതന പ്രോജക്ട് നടപ്പിലാക്കും. എം.എൽ.എ യുമായി ചേർന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ സമ്പൂർണ വികസനം ഈ വർഷത്തോടെ പൂർത്തിയാക്കും. വയോജന സൗഹൃദ പരിപാടികൾ ആരംഭിക്കും. എല്ലാ അംഗൻവാടികളിലും സ്കൂളുകളിലും ശുദ്ധജലം എത്തിക്കുന്നതിന് വാട്ടർ അതോറിറ്റിയുമായി ചേർന്ന് ഈ വർഷം തന്നെ പുതിയ പദ്ധതി നടപ്പിലാക്കും. നെൽക്കൃഷി, കേരകൃഷി എന്നിവയ്ക്ക് ഊന്നൽ നൽകി കാർഷിക മേഖലയിൽ നിരവധി പദ്ധതികൾ നടപ്പിലാക്കും.. സ്വന്തമായി സ്ഥലമുള്ള അംഗൻവാടികൾ, കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ എന്നിവയ്ക്ക് ഈ വർഷത്തോടെ കെട്ടിടനിർമ്മാണം പൂർത്തിയാക്കും. പഞ്ചായത്ത് പ്രസിഡന്റ് രാകേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.ബി. ഗണേശ് കുമാർ എം. എൽ. എ വികസന സെമിനാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജ്യോതിലക്ഷമി, സ്ഥിരംസമിതി അദ്ധ്യക്ഷനായ ആർ. വിജയകുമാർ, കെ. ആർ. സുരേഷ് കുമാർ, ഷീനാമുരളി, അംഗങ്ങളായ എൻ. രാധാകൃഷ്ണൻ, ദീപ, ഒ. പൊന്നച്ചൻ, അനുസേവ്യർ, അന്നമ്മ തോമസ്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പ്രേമചന്ദ്രൻ പിള്ള, ബ്ലോക്ക് പഞ്ചായത്തംഗം ലെനിബാബു, നിർവഹണ ഉദ്യോഗസ്ഥർ, ആസൂത്രണ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറി ഇൻ ചാർജ് സതി ഒ.എസ്. നന്ദി പറഞ്ഞു.