കൊല്ലം: തങ്കശേരി ഇൻഫന്റ് ജീസസ് സ്കൂളിൽ മോഷണം നടത്തിയ സംഘത്തിലെ രണ്ടുപേരെ തിരുനെൽവേലി തിരുട്ടുഗ്രാമത്തിൽ നിന്ന് പൊലീസ് പിടികൂടി. ഒരു മാസം മുമ്പാണ് സ്കൂളിൽ നിന്ന് 30,000 രൂപയും സി.സി ടി.വിയുടെ മോണിറ്ററും ഏഴംഗ സംഘം അപഹരിച്ചത്. മറ്റ് തെളിവുകളൊന്നും കിട്ടാതിരുന്ന കേസിൽ സംഘം വന്ന വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പ എടുത്ത് ചെന്നൈ സ്വദേശി വാങ്ങിയ വാഹനമാണെന്ന് പൊലീസ് സംഘം കണ്ടെത്തി. തിരിച്ചടവ് മുടങ്ങിയതോടെ വാഹനം രണ്ടാമതൊരാൾക്ക് പണയം വച്ചു. പണയം കിട്ടിയ ആൾ വാഹനം മൂന്നാമതൊരാൾക്ക് മറിച്ചു നൽകി. മൂന്നാമനിൽ നിന്നാണ് മോഷണ സംഘത്തിെന്റെ കൈയിൽ വാഹനമെത്തിയതെന്ന് കണ്ടെത്തി.
അന്വേഷണ സംഘം തിരുനെൽവേലിയിൽ എത്തിയപ്പോൾ ഈ വാഹനം കണ്ടതാണ് പ്രതികളിലേക്കെത്താൻ സഹായകമായത്. പൊലീസ് പിന്തുടർന്നതോടെ തിരുട്ട് ഗ്രാമത്തിലെത്തി താക്കോൽ വാഹനത്തിൽ തന്നെ വച്ച് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. വാഹനം പൊലീസ് അപ്പോൾ തന്നെ കസ്റ്റഡിയിലെടുത്തു. സിറ്റി പൊലീസ് കമ്മിഷണർ പി.കെ. മധു തിരുനെൽവേലി പൊലീസ് മേധാവിയുമായി ബന്ധപ്പെട്ടതിനെ തുടർന്നാണ് ഡ്രൈവർ ഉൾപ്പടെ രണ്ട് പേരെ കസ്റ്റഡിയിലെടുത്തത്.
കവർച്ചാ സംഘത്തിലെ രണ്ടുപേർ കൊലപാതക കേസിൽ തമിഴ്നാട്ടിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഓൺലൈൻ വഴിയാണ് സംഘം മോഷണത്തിന് ഇൻഫന്റ് ജീസസ് സ്കൂൾ തിരഞ്ഞെടുത്തത്. സംസ്ഥാനത്തെ പ്രധാന സ്കൂളുകളുടെ പട്ടികയും വിദ്യാർത്ഥി പ്രവേശനം നടക്കുന്ന സമയവും മനസിലാക്കിയാണ് ഇവർ എത്തിയത്. പ്രവേശനം നടക്കുന്ന ദിവസം കൂടുതൽ പണമുണ്ടായിരുന്നെങ്കിലും സ്കൂൾ അധികൃതർ ബാങ്കിലേക്ക് മാറ്റിയിരുന്നു.
എസ്.ഐമാരായ മുഹമ്മദ് ഷാഫി, എസ്. ഷൈൻ, അബു താഹിർ, ബാസ്റ്റിൻ, ഷെമീർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.