കരുനാഗപ്പള്ളി: വീട്ടിൽ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ നാല് പവൻ വരുന്ന മാല മോഷ്ടാവ് കവർന്നു. പടനായർകുളങ്ങര വടക്ക്. പള്ളി താഴയിൽ വീട്ടിൽ ജബ്ബാറിന്റെ ഭാര്യ മുംതാസിന്റെ മാലയാണ് മോഷണം പോയത്. ശനിയാഴ്ച പുലർച്ചെ 1.30നാണ് സംഭവം. മുകളിലത്തെ നിലയിലേക്ക് കയറാനുള്ള ഭാഗത്തെ കതക് വെള്ളിയാഴ്ച വൈകിട്ട് എ.സി. റിപ്പയർ ചെയ്യാൻ വന്നവർ തുറന്നിട്ടിരുന്നു. വീട്ടുകാർ ഇത് ശ്രദ്ധിച്ചിരുന്നില്ല. തെങ്ങിലൂടെ വീടിന്റെ മുകളിൽ കയറിയ മോഷ്ടാവ് തുറന്നിട്ടിരുന്ന വാതിൽ വഴി അകത്ത് കയറുകയായിരുന്നു. മുറിയിലെ അലമാരകൾ തുറന്ന് പരിശോധിച്ച ശേഷമാണ് മുംതാസിന്റെ മാല പൊട്ടിച്ചത്. മുംതാസ് ഉണർന്ന് ബഹളം വെച്ച് അയൽവാസികളെ കൂട്ടിയെങ്കിലും മോഷ്ടാവ് ഒാടി രക്ഷപെപ്പെട്ടു. കരുനാഗപ്പള്ളി പൊലീസ് കേസെടുത്തു.