തൊടിയൂർ: പാർലമെന്റിൽ ഭൂരിപക്ഷമുണ്ടായതിന്റെ പേരിൽ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ തകർക്കുന്ന നിയമനിർമ്മാണം നടത്താൻ ആർക്കും അവകാശമില്ലെന്നും ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്തവർ ഭരണഘടനയുടെ അടിത്തറ ഇളക്കുകയാണെന്നും ആർ. രാമചന്ദ്രൻ എം.എൽ.എ പറഞ്ഞു. പൗരത്വ നിയമഭേദഗതിക്കെതിരെ കല്ലേലിഭാഗം പൗരാവലി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി വിരുദ്ധ ചിന്താഗതിക്കാരായ 65 ശതമാനം ജനങ്ങളും ഇന്ത്യയുടെ മതേതരത്വവും സാഹോദര്യവും തകർക്കുന്ന ഈ നിയമത്തിന് എതിരാണ്. അവരുടെ പ്രതിഷേധത്തിന് മുന്നിൽ നരേന്ദ്രമോദിയും അമിത് ഷായും എത്ര കിണഞ്ഞ് ശ്രമിച്ചാലും ഇന്ത്യയിൽ പൗരത്വ നിയമഭേദഗതി അവർ ആഗ്രഹിക്കുംവിധം നടപ്പാക്കാനാവില്ല. യു. പിയിൽ 22 പേരെ വെടിവച്ച് കൊന്നിട്ടും ആയിരങ്ങളെ മർദ്ദിച്ചവശരാക്കിയിട്ടും സമരം ശക്തമായി തുടരുകയാണെന്ന യാഥാർത്ഥ്യം ഭരണാധികാരികൾ മനസിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
പൗരസമിതി ചെയർമാൻ പി. ഗോപാലക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. കാപ്പെക്സ് ചെയർമാൻ പി.ആർ. വസന്തൻ, ആർ. എസ്. പി സംസ്ഥാന കമ്മിറ്റി അംഗം സി. ഉണ്ണിക്കൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനൻ, വൈസ് പ്രസിഡന്റ് ആർ. രോഹിണി, സാം ലൂക്കോസ് കുളനട, പി. ജലാലുദ്ദീൻ എന്നിവർ സംസാരിച്ചു. പൗരസമിതി കൺവീനർ ഡി. വിജയൻ സ്വാഗതവും വൈസ് ചെയർമാൻ എ.ജെ. ഡാനിയൽ നന്ദിയും പറഞ്ഞു. സമ്മേളനത്തിന് മുമ്പായി ചാമ്പക്കടവിൽ നിന്ന് സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്ത പൗരത്വ സംരക്ഷണറാലി നടന്നു.