കുന്നത്തൂർ: പൗരത്വ ഭേദഗതി ബില്ലിൽ ന്യൂനപക്ഷങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ പരിഹരിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ശാസ്താംകോട്ട വിജയ കാസിലിൽ കുന്നത്തൂർ യൂണിയൻ സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമത്തിൽ എസ്.എൻ.ഡി.പി യോഗത്തിന് ആശങ്കയുണ്ട്. എന്നാൽ വിഷയം കോടതിയിലായതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ല. യോഗത്തെയും തന്നെയും തകർക്കണമെന്ന ലക്ഷ്യത്തോടെ ചിലർ ഇറങ്ങിയിട്ടുണ്ട്. സത്യാവസ്ഥ സമുദായവും സമൂഹവും അറിയുമ്പോൾ അവർക്കു തന്നെ ലജ്ജിച്ച് തല കുനിക്കേണ്ടതായി വരും.
യൂണിയൻ പ്രസിഡന്റ് ആർ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ ശ്രീലയം ശ്രീനിവാസൻ, വി. ബേബികുമാർ, യൂണിയൻ കൗൺസിലർമാരായ അഡ്വ.ഡി. സുധാകരൻ, അഡ്വ. സുഭാഷ് ചന്ദ്രബാബു, ആർ. പ്രേംഷാജി കുന്നത്തൂർ, നെടിയവിള സജീവൻ, ദിവാകരൻ തഴവാവിള, അഖിൽ സിദ്ധാർത്ഥ്, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ സുഭാഷ് ചന്ദ്രൻ, ആർ. സുഗതൻ, എസ്. രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി ഡോ.പി. കമലാസനൻ സ്വാഗതവും വൈസ് പ്രസിഡന്റ് റാം മനോജ് നന്ദിയും പറഞ്ഞു. ട്രെയിനിംഗ് ക്യാമ്പ് ഇന്ന് സമാപിക്കും. ജെ.സി.ഐ ഇന്റർനാഷണൽ പരിശീലകൻ എം.സി. രാജിലനാണ് ക്യാമ്പ് നയിക്കുന്നത്.