agreement

 ആയിരം ലൈറ്റുകൾ സ്ഥാപിച്ച് കമ്പനി മടങ്ങിയിട്ട് രണ്ട് മാസം


കൊല്ലം: കരാർ കമ്പനിയും നഗരസഭയും തമ്മിലുള്ള ത‌ർക്കങ്ങൾ പരിഹരിക്കപ്പെടാത്തതിനാൽ നഗരം പ്രതീക്ഷയോടെ കാത്തിരുന്ന ഇന്റലിജന്റ് എൽ.ഇ.ഡി പദ്ധതി അനിശ്ചിതാവസ്ഥയിൽ. പരീക്ഷണാടിസ്ഥാനത്തിൽ മയ്യനാട് ഇലക്ട്രിക് സെക്ഷന്റെ പരിധിയിൽ ആയിരം എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ച് കമ്പനി മടങ്ങിയിട്ട് രണ്ട് മാസം പിന്നിടുകയാണ്.

കമ്പനി മുന്നോട്ടുവച്ച എഗ്രിമെന്റിൽ പദ്ധതിക്ക് അനുവാദം നൽകിയ സർക്കാർ ഉത്തരവിൽ ഉൾപ്പെടാത്ത ചില വ്യവസ്ഥകളുണ്ടെന്ന് നഗരസഭാ അധികൃതർ പറയുന്നു. ഈ വ്യവസ്ഥകൾ സർക്കാരിനെ ബോദ്ധ്യപ്പെടുത്തി അനുമതി വാങ്ങിയ ശേഷമേ കരാറൊപ്പിടൂ എന്ന നിലപാടിലാണ് നഗരസഭ. പദ്ധതിയുടെ എഗ്രിമെന്റ് വിശദ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കെ.എസ്.ഇ.ബിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കെ.എസ്.ഇ.ബിയുടെ റിപ്പോർട്ട് ഉടൻ ലഭിച്ചേക്കും. പക്ഷേ സർക്കാരിന്റെ അനുമതി ലഭിക്കാൻ ഇനിയും മാസങ്ങളെടുക്കും.

 പദ്ധതി ചുരുക്കത്തിൽ

നഗരത്തിൽ നിലവിലുള്ള എല്ലാ സോഡിയം വേപ്പർ ലാമ്പുകളും ട്യൂബ് ലൈറ്റുകളും മാറ്റി കമ്പനി സ്വന്തം ചെലവിൽ 23,700 പുതിയ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കും. ഓരോ സ്ഥലത്തും ആവശ്യമുള്ള പ്രകാശത്തിന്റെ അളവനുസരിച്ച് 15 മുതൽ 90 വാട്സ് വരെയുള്ള ലൈറ്റുകളാണ് സ്ഥാപിക്കുക.

കേടാവുന്ന തെരുവ്‌ വിളക്കുകൾ 48 മണിക്കൂറിനുള്ളിൽ നന്നാക്കിയില്ലെങ്കിൽ കമ്പനി നിശ്ചിത തുക നഗരസഭയ്ക്ക് പിഴ നൽകണം. തെരുവ് വിളക്കുകളുടെ ഇപ്പോഴത്തെ വൈദ്യുതി ബില്ലായ 31.05 ലക്ഷവും അറ്റകുറ്രപ്പണിക്കായി 5 ലക്ഷവും നഗരസഭ പ്രതിമാസം കമ്പനിക്ക് നൽകും. ഇതിൽ നിന്ന് വൈദ്യുതി ചാർജിലെ ലാഭത്തിന്റെ പത്ത് ശതമാനം നഗരസഭയ്ക്ക് തിരിച്ചുനൽകും. പ്രതിമാസം 2.75 ലക്ഷം രൂപ തിരികെ കിട്ടുമെന്നാണ് പ്രതീക്ഷ.

 നിലവിലെ ത‌ർക്കം

 നഗരത്തിൽ 23,700 സോഡിയം വേപ്പർ ലാമ്പുകളും ട്യൂബ് ലൈറ്റുകളും ഉണ്ടെന്നായിരുന്നു ആദ്യ കണക്ക്. പക്ഷേ സർവേയിൽ 20,000 ലൈറ്റുകളേയുള്ളുവെന്ന് കണ്ടെത്തി. ഇത്രയും എണ്ണം പുതിയ എൽ.ഇ.ഡികളേ സ്ഥാപിക്കാനാകുവെന്ന് കമ്പനി നിലപാടെടുത്തു.

 നഗരസഭ പുതുതായി സ്ഥാപിച്ച 4018 എൽ.ഇ.ഡികൾ കൂടി കരാറിൽ കൊണ്ടുവരണമെന്ന ആവശ്യം കമ്പനി അംഗീകരിച്ചില്ല. ഇവ ഉൾപ്പെടുത്തിയാൽ ഒരെണ്ണത്തിന് 20 രൂപ വീതം മാസം പരിപാലനത്തിന് നൽകണമെന്ന കമ്പനിയുടെ വാദം നഗരസഭയും അംഗീകരിച്ചില്ല.

 പ്രതിമാസം നൽകാനുള്ള 36.05 ലക്ഷം രൂപയുടെ മൂന്നിരട്ടി തുക കമ്പനിക്ക് എടുക്കാൻ കഴിയുന്ന പുതിയ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്ന കരാറിലെ വ്യവസ്ഥയോടും നഗരസഭയ്ക്ക് യോജിപ്പില്ല. അതേസമയം നിശ്ചിത തുകയുടെ പെർഫോമൻസ് ഗ്യാരന്റി നൽകണമെന്ന നഗരസഭയുടെ ആവശ്യം അംഗീകരിക്കില്ലെന്ന നിലപാടിലാണ് കമ്പനി.

 കമ്പനി സ്ഥാപിക്കുന്നത് 23,700 എൽ.ഇ.ഡി ലൈറ്റുകൾ

 പ്രതിമാസം 36.05 ലക്ഷം രൂപ നഗരസഭ കമ്പനിക്ക് നൽകും

 വൈദ്യുത ചാർജിലെ ലാഭത്തിന്റെ പത്ത് ശതമാനം നഗരസഭയ്ക്ക്