കൊല്ലം:കുളപ്പാടം സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പുലർച്ചെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയ യുവാക്കൾ പിടിയിലായി. നെടുമ്പന ചരുവിള വീട്ടിൽ നിയാസ്(19), നെടുമ്പന അമാൻ മൻസിലിൽ അൽ അമാൻ(21) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. കണ്ണനല്ലൂർ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലെ സി.സി.ടി.വി കാമറദൃശ്യങ്ങളും പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് യുവാക്കൾ പിടിയിലായത്. വിദ്യാർത്ഥിനിയെ കാറിൽ കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തിച്ച ശേഷം ട്രെയിൻ മാർഗം തമിഴ്‌നാട്ടിലേക്ക് കൊണ്ട് പോയതായി വ്യക്തമായി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ തമിഴ്‌നാട് ആറ്റിങ്കരയിലുള്ള തീർത്ഥാടനകേന്ദ്രത്തിന് സമീപത്ത് നിന്നുമാണ് പെൺകുട്ടിയെയും ഒന്നാം പ്രതി നിയാസിനെയും കണ്ടെത്തിയത്. നിയാസ് പ്രണയം നടിച്ചാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്. അൽ അമാൻ സ്വന്തം കാറിൽ ഇരുവരെയും കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. കുറ്റകൃത്യത്തിന് ഉപയോഗിച്ച അൽ അമാന്റെ കാറും ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് ശേഷം മാതാവിനോടൊപ്പം വിട്ടയച്ചു. പ്രതികളെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തുമെന്നും കൂടുതൽ പ്രതികളുണ്ടോയെന്ന് അന്വേഷിച്ച് വരുകയാണെന്നും കണ്ണനല്ലൂർ പൊലീസ് വ്യക്തമാക്കി.