മാലിന്യങ്ങൾക്ക് അലക്ഷ്യമായി
തീയിടരുതെന്ന് താക്കീത്
കൊല്ലം: കൊടുംവേനലിന്റെ മുന്നറിയിപ്പായി ചൂട് ഉയരുന്നതിനൊപ്പം ഗ്രാമ,നഗര വ്യത്യാസമില്ലാതെ അഗ്നിബാധ പതിവായി. കൊല്ലം നഗരത്തിൽ മാത്രം രണ്ട് ദിവസത്തിനിടെ ഇരുപതിലേറെ കേന്ദ്രങ്ങളിലാണ് തീ പടർന്നത്. കരിഞ്ഞുണങ്ങിയ പുൽച്ചെടികളും മാലിന്യ കൂമ്പാരങ്ങളുമാണ് കത്തിയമർന്നത്. അലക്ഷ്യമായി മാലിന്യങ്ങൾക്ക് തീയിടരുതെന്ന കർശനമായ മുന്നറിയിപ്പാണ് ഫയർഫോഴ്സ് നൽകുന്നത്.
കിളികൊല്ലൂർ പൊലീസ് സ്റ്റേഷന് സമീപം, ആശ്രാമം മൈതാനം, ആശ്രാമം ഗസ്റ്റ് ഹൗസ് പരിസരം, ഫാത്തിമാ കോളേജ് ഗ്രൗണ്ട്, കുണ്ടറ പടപ്പക്കര കരിക്കുഴി, ശങ്കേഴ്സ് ആശുപത്രിക്ക് സമീപം, ടി.കെ.എം കോളേജിന് സമീപത്തെ റെയിൽവേ ട്രാക്ക്, തങ്കശേരി, ചാമക്കട ഫയർ സ്റ്റേഷൻ റോഡ്, കുരീപ്പുഴ ക്ലാവറ കടവ്, പോരുവഴി മലനട, ജില്ലയുടെ കിഴക്കൻ മേഖല എന്നിവിടങ്ങളിലൊക്കെ കഴിഞ്ഞ ദിവസങ്ങളിൽ തീ പിടിത്തമുണ്ടായി.
101 അമത്തൂ... അഗ്നിശമനസേന എത്തും
അഗ്നി ബാധയുണ്ടായാൽ 101 അമർത്തിയാൽ ഏറ്റവും അടുത്തുള്ള ഫയർ സ്റ്റേഷനിൽ വിളിയെത്തും. ചെറിയ അഗ്നിബാധ ആയാലും ആവശ്യമെങ്കിൽ അഗ്നിശമന സേനയുടെ സഹായം തേടാം.
'തീ' ഇടുന്ന സാമൂഹിക വിരുദ്ധർ കുടുങ്ങും
വേനൽക്കാലത്ത് ഉണ്ടാകുന്ന പല തീപിടിത്തങ്ങളും ആസൂത്രിതമാണെന്ന വിലയിരുത്തൽ ഏറെക്കാലമായി പൊലീസിനും ഫയർഫോഴ്സിനുമുണ്ട്. ശാസ്താംകോട്ട കായലോരത്ത് ഉൾപ്പെടെ മദ്യപരുടെയും സാമൂഹിക വിരുദ്ധരുടെയും സംഘങ്ങൾ ബോധപൂർവം തീയിട്ട ശേഷം മുങ്ങുന്നുവെന്നാണ് വിവരം. സംശയം തോന്നുവരെ കസ്റ്റഡിയിലെടുക്കുമെന്നാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്
..............................
ഫയർലൈനുകൾ സ്ഥാപിക്കണം
വിസ്തൃതി കൂടിയ പുരയിടങ്ങളിലും പുല്ലു വളർന്നു നിൽക്കുന്ന പ്രദേശങ്ങളിലും ഫയർ ലൈനുകൾ സ്ഥാപിക്കണം.
പുരയിടത്തെ നിരവധി ചെറുഭാഗങ്ങളായി തിരിച്ച്
അതിരുകളിൽ ഒരു മീറ്റർ വീതിയിൽ പുല്ലുകൾ ചെത്തി മാറ്റിയാണ് ഫയർ ലൈനുകൾ സ്ഥാപിക്കേണ്ടത്.
കൂടുതൽ ഭാഗങ്ങളിലേക്ക് തീ പടരുന്നത് ഒഴിവാക്കാൻ ഫയർ ലൈനുകൾക്ക് കഴിയും.
ചവറുകളും കരിയിലകളും കത്തിക്കുമ്പോൾ ശ്രദ്ധ വേണം. പൂർണ്ണമായും കത്തി തീർന്നുവെന്ന് ഉറപ്പ് വരുത്തിയശേഷമേ അവിടെ നിന്ന് പോകാവൂ. ചവറുകൾ പുകഞ്ഞ് കത്തി സമീപത്തേക്ക് തീ പടരാൻ സാധ്യതയേറെയാണ്.
കുറ്റിക്കാടുകളുടെ അടിക്കാടുകൾക്ക് തീ പിടിക്കുന്നതാണ് വലിയ അഗ്നിബാധകൾക്ക് ഇടയാക്കുന്നത്.
തീ പിടിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ പാഴ്ചെടികൾ നീക്കം ചെയ്യുന്നതാണ് ഉത്തമം.
സമീപത്തെ പുരയിടങ്ങളിലേക്ക് ചാഞ്ഞ് കിടക്കുന്ന മരശിഖരങ്ങൾ വെട്ടിമാറ്റണം. തീ പിടിത്തുമുണ്ടാകുന്ന പുരയിടത്തിൽ നിന്ന് മരച്ചില്ലകളിലൂടെ ചുറ്റുപാടും തീ പടരും.
വലിയ പുരയിടങ്ങളുടെ വിവിധ ഭാഗങ്ങളിൽ പാത്രങ്ങളിലോ ടാങ്കുകളിലോ വെള്ളം ശേഖരിച്ച് വെക്കണം. ചെറിയ തീ പിടിത്തങ്ങൾ വേഗത്തിൽ കെടുത്താൻ ഇത് സഹായിക്കും.
ആവശ്യമെന്ന് തോന്നിയാൽ ചെറിയ തീ പിടിത്തമായാലും ഫയർഫോഴ്സിന്റെ സേവനം ആവശ്യപ്പെടണം.