കൊല്ലം: തിരക്കേറിയ നാല് റോഡുകൾ വന്നുചേരുന്ന പാരിപ്പള്ളി ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ ഇല്ലാത്തതിനാൽ വാഹനങ്ങൾക്കൊപ്പം കാൽനടയാത്രക്കാരും അപകടത്തിൽപ്പെടുന്നത് പതിവാകുന്നു. ഈ സാഹചര്യത്തിൽ ജംഗ്ഷനിൽ ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുകയാണ്.
കാഴ്ച മറയ്ക്കുന്ന ആൽമരം
നിലവിൽ ട്രാഫിക് വാർഡന്മാരെയും പൊലീസുകാരെയും നിയോഗിച്ചാണ് പാരിപ്പള്ളി ജംഗ്ഷനിൽ ഗതാഗതം നിയന്ത്രിക്കുന്നത്. ജംഗ്ഷന് നടുവിലെ ഡിവൈഡറിൽ കൂറ്റൻ ആൽമരം നിൽക്കുന്നതിനാൽ പരവൂർ, മടത്തറ റോഡുകളിൽ നിന്ന് വരുന്ന വാഹനങ്ങൾ പരസ്പരം കാണാൻ തന്നെ ബുദ്ധിമുട്ടാണ്. ഗതാഗത ക്രമീകരണത്തിന് നിൽക്കുന്ന ട്രാഫിക് വാർഡന്മാർക്കും ഇത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങൾ ശ്രദ്ധിക്കാതെ പരവൂർ, മടത്തറ റോഡുകളിൽ നിന്നുവരുന്ന വാഹനങ്ങൾ റോഡ് മുറിച്ച് കടക്കുന്നതാണ് അപകടങ്ങൾ സൃഷ്ടിക്കുന്നത്.
വിദ്യാർത്ഥികൾ ഉൾപ്പെടെ ഭീഷണിയിൽ
പാരിപ്പള്ളി ജംഗ്ഷനിൽ എത്തുന്ന യാത്രക്കാരിൽ വലിയൊരു വിഭാഗം വിദ്യാർത്ഥികളും പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കുള്ള രോഗികളുമാണ്. നാല് വശത്ത് നിന്നും വാഹനങ്ങൾ തുരുതുരാ പായുന്നതിനിടിയിൽ കാത്തുനിന്ന് വശം കെട്ട് റോഡ് മുറിച്ച് കടക്കുന്നതിനിടെ കാൽനടയാത്രക്കാരും അപകടത്തിൽപ്പെടുകയാണ്.
ദേശീയപാത മുറിച്ച് കടക്കാനാകാതെ പരവൂർ, മടത്തറ റോഡുകളിൽ വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെടുന്നത് ജംഗ്ഷനിൽ ഗതാഗത കുരുക്കിനും ഇടയാക്കുന്നുണ്ട്. സിഗ്നൽ സംവിധാനം നിലവിൽ വന്നാൽ ജംഗ്ഷനിലെ ഗതാഗതം സുഗമമാകുന്നതിനൊപ്പം അപകടങ്ങളും ഒഴിവാകാൻ സഹായകമാകും.
''പാരിപ്പള്ളി ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ സംവിധാനം അനിവാര്യമാണ്. സിഗ്നൽ സംവിധാനമില്ലാത്തതിനാൽ ജംഗ്ഷൻ സ്തംഭിക്കുന്നത് പതിവാണ്. ഇത്രയധികം തിരക്കില്ലാത്ത കല്ലുവാതുക്കൽ ജംഗ്ഷനിൽ സിഗ്നൽ സ്ഥാപിച്ചിട്ടുണ്ട്. പാരിപ്പള്ളിയിൽ എത്രയും വേഗം ട്രാഫിക് സിഗ്നൽ സ്ഥാപിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം.''
എം.എ. സത്താർ (വ്യാപാരി വ്യവസായി ഏകോപന സമിതി പാരിപ്പള്ളി യൂണിറ്റ് സെക്രട്ടറി, പാരിപ്പള്ളി ജുമാ മസ്ജിദ് സെക്രട്ടറി)