അറസ്റ്റിലായ രണ്ടുപേർ റിമാൻഡിൽ
കൊല്ലം: സഹോദരീഭർത്താവിന്റെ നേതൃത്വത്തിൽ ലഹരിമരുന്ന് സംഘം അർദ്ധരാത്രിയിൽ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊലപ്പെടുത്തിയ പട്ടികജാതി യുവാവ് അനിൽ കുമാറിന്റെ മൃതദേഹം സംസ്‌കരിച്ചു.
മയ്യനാട് ആലുംകര തെക്കുംകര ആതിര ഭവനിൽ തുളസിയുടെയും ബേബിയുടെയും മകൻ അനിൽകുമാറിനെ (മണിക്കുട്ടൻ 23) അവസാനമായി ഒരുനോക്കു കാണാൻ സുഹൃത്തുക്കളും നാട്ടുകാരും ഉൾപ്പെടെ നിരവധിപേർ വീട്ടിലെത്തി.
അനിലിനെ കൊലപ്പെടുത്തുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയ സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിന് പിന്നാലെ ആയിരുന്നു അരുംകൊല. അനിൽകുമാർ മരപ്പണിക്ക് പോയാണ് കുടുംബത്തിന്റെ ഉപജീവനത്തിനുള്ള വക കണ്ടെത്തിയിരുന്നത്.
കൊലപാതകവുമായി ബന്ധപ്പെട്ട് ചാത്തന്നൂർ എ.സി.പി ജോർജ് കോശിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്ത അനീഷ്, സുഹൃത്ത് സന്തോഷ് എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. അനിൽകുമാറിന്റെ സഹോദരി ആതിരയുടെ ഭർത്താവാണ് അനീഷ്. അനീഷും സുഹൃത്തും പ്രദേശത്തെ ശക്തമായ ലഹരിമരുന്ന് മാഫിയയുടെ ഭാഗമാണ്.
ആതിരയെ അനീഷ് നിരന്തരം ഉപദ്രവിച്ചത് ചോദ്യം ചെയ്തതിന്റെ പകയാണ് ആസൂത്രിത കൊലപാതകത്തിലേക്ക് നയിച്ചത്. സഹോദരിയെ ഉപദ്രവിക്കരുതെന്ന് അനിൽ പറഞ്ഞതിന്റെ പേരിൽ കഴിഞ്ഞ ആഴ്‌ച അനിലിനെ ഉപദ്രവിക്കാൻ അനീഷ് ശ്രമിച്ചിരുന്നു. പിന്നീട് അനിലിനെ കൊലപ്പെടുത്തുമെന്ന് അനീഷും സുഹൃത്ത് സന്തോഷും പരസ്യമായി ഭീഷണിപ്പെടുത്തി. ഇതേ കുറിച്ച് അനിലിന്റെ അമ്മ തുളസി കൊട്ടിയം പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അനീഷിനെയും സന്തോഷിനെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചെങ്കിലും വൈകാതെ വിട്ടയച്ചു.
അനിലിനെ കൊലപ്പെടുത്തുമെന്ന് വെള്ളിയാഴ്ച സന്ധ്യയ്‌ക്കും ആതിരയോട് അനീഷ് പറഞ്ഞിരുന്നു. അനിലിനെ രാത്രിയിൽ വീട്ടിൽ നിന്ന് വിളിച്ചിറക്കി സന്തോഷിന്റെ വീട്ടിലെത്തിച്ചാണ് ഇരുവരും ചേർന്ന് മർദ്ദിച്ചത്. പൊലീസെത്തിയപ്പോഴേക്കും സന്തോഷും അനീഷും മുങ്ങിയിരുന്നു.അനിലിനെ കൊല്ലത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പൊലീസിനെതിരെ
ഗുരുതര പരാതി
പൊലീസ് കാര്യക്ഷമമായി ഇടപെട്ടിരുന്നെങ്കിൽ അനിലിനെ നഷ്ടപ്പെടില്ലായിരുന്നുവെന്ന പരാതി ശക്തമാണ്. സന്തോഷും അനീഷും ചേർന്ന് അനിലിനെ മർദ്ദിച്ചുവെന്ന അമ്മയുടെ പരാതി പൊലീസ് ഗൗരവമായി എടുത്തില്ല. കൊലപ്പെടുത്തുമെന്ന് തുടരെ ഭീഷണിപ്പെടുത്തുന്ന കാര്യം പൊലീസിനെ അറിയിച്ചിട്ടും ഗൗനിച്ചില്ല. ഇരുവരെയും കസ്റ്റഡിയിൽ എടുത്തെങ്കിലും വൈകാതെ വിട്ടയയ്ക്കുകയായിരുന്നു.