kollam-beach
കൊല്ലം ബീച്ച്

 ലൈഫ് ഗാർഡുമാരുടെ നിർദ്ദേശങ്ങൾ പാലിക്കുന്നില്ല

കൊല്ലം: കൊല്ലം ബീച്ചിൽ അപകടങ്ങൾ കുറയുമ്പോഴും സന്ദർശകരുടെ ജാഗ്രതയില്ലായ്മയിൽ ആശങ്കപ്പെടുകയാണ് ലൈഫ് ഗാർഡുകൾ. കാലാവസ്ഥാ മാറ്റങ്ങൾ വന്നതോടെ കൊല്ലം ബീച്ചിന്റെ തീരങ്ങൾ ശാന്തമാണ്. ശക്തമായ തിരകൾ കുറവാണെങ്കിലും അപകടസാധ്യത വളരെ കൂടുതലാണ് ഇവിടെ. എന്നാൽ സന്ദർശകരുടെ സുരക്ഷയ്ക്കായി നൽകുന്ന നിർദ്ദേശം അവർ തള്ളിക്കളയുകയാണെന്ന് കൊല്ലം ബീച്ചിലെ ലൈഫ് ഗാർഡുകൾ പറയുന്നു.

കയർ കെട്ടി തിരിച്ചിട്ടും അതിനിടയിലൂടെ ഊർന്ന് കാൽ നനയ്‌ക്കാൻ കടലിൽ ഇറങ്ങുന്നവരെ പറഞ്ഞുമനസിലാക്കാൻ ഇപ്പോഴും പാടുപെടുകയാണ് ഗാർഡുകൾ. സന്ദർശകരുടെ തിരക്ക് വ‌ർദ്ധിക്കുന്നതിനാൽ കണ്ണുതെറ്റാതെ എല്ലായിടത്തും എത്തുകയും വേണം. അപകട മേഖലകളിലെ ബോ‌ർഡുകളോ മുന്നറിയിപ്പുകളോ ശ്രദ്ധിക്കാൻ ആരും മെനക്കെടാറില്ലെന്നതാണ് മറ്റൊരു പ്രശ്നം. പലപ്പോഴും വിസിൽ മുഴക്കി മുന്നറിയിപ്പ് നൽകിയാലും സന്ദർശകൾ മുഖവിലയ്ക്കെടുക്കാറില്ല. വഴക്ക് പറയേണ്ട സാഹചര്യമെത്തിയാൽ ലൈഫ് ഗാർ‌ഡുകൾ തല്ല് വാങ്ങേണ്ട ഗതികേടിലാണ്.

 ഭാഷ മനസിലാകാതെ അന്യസംസ്ഥാനക്കാർ

അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് കൊല്ലത്തെ അപകടക്കെണിയെകുറിച്ച് ധാരണയില്ല. ശബരിമല യാത്രയ്ക്ക് ശേഷം ബീച്ചിലെത്തുന്ന ആന്ധ്ര, കർണാടക സ്വദേശികൾ ബീച്ചിൽ കുളിക്കാനിറങ്ങുന്നത് സ്ഥിരമാണ്. ഇവർക്ക് ഭാഷ മനസിലാക്കാത്തതും ലൈഫ് ഗാർഡുകൾക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.

 നിരീക്ഷണ കാമറ പ്രവർത്തനസജ്ജം

കൊല്ലം ബീച്ചിലെ സുരക്ഷാ സംവിധാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പണിമുടക്കിയ നിരീക്ഷണ കാമറ പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്. ബീച്ചിൽ ടൂറിസം പൊലീസിന്റെ സേവനം കൂടി ലഭ്യമായാൽ മാത്രമേ അപകടങ്ങൾക്ക് അറുതി വരുത്താൻ സാധിക്കൂവെന്നാണ് ഗാർഡുമാർ പറയുന്നത്.