കൊട്ടിയം: ഗുരുദേവ ദർശനങ്ങൾ മനുഷ്യ മനസുകളിൽ എത്തിക്കുവാൻ ജനനീ നവരത്ന മഞ്ജരി പഠന ക്ലാസുകൾക്ക് കഴിഞ്ഞുവെന്ന് എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻശങ്കർ പറഞ്ഞു. കേരളകൗമുദിയുടെയും എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെയും ആഭിമുഖ്യത്തിൽ 477-ാം നമ്പർ ഇരവിപുരം ശാഖയിൽ സംഘടിപ്പിച്ച ജനനീ നവരത്ന മഞ്ജരി പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ ആമുഖ പ്രഭാഷണം നടത്തി. പ്രകാശ സ്വരൂപനായ ഗുരുവിന്റെ സാമീപ്യം എപ്പോഴും നമ്മളോടൊപ്പമുണ്ട്. ഗുരുവിന്റെ കീർത്തനങ്ങളും ആശയങ്ങളും ഉൾക്കൊണ്ട ഒരു യാത്രയാകണം നമ്മുടെ ജീവിതമെന്ന് അദ്ദേഹം പറഞ്ഞു.
കലാപകലുഷിതമായ ഇന്നത്തെ സാഹചര്യത്തിൽ ഗുരുദേവ ദർശനങ്ങൾ അർഹിക്കുന്ന രീതിയിൽ സാധാരണക്കാരെ ബോധവൽക്കരിക്കുവാൻ ശ്രമിക്കുന്ന കേരളകൗമുദിയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് ട്രസ്റ്റ് ബോർഡ് മെമ്പർ ഇരവിപുരം സജീവൻ പറഞ്ഞു.
കേരളകൗമുദി യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്. രാധാകൃഷ്ണൻ പഠന ക്ലാസ് നയിച്ചു. ശാഖാ പ്രസിഡന്റ് എൻ.കെ. വിജയരാജൻ അദ്ധ്യക്ഷത വഹിച്ചു. തെക്കേവിള ഡിവിഷൻ കൗൺസിലർ സന്ധ്യ ബൈജു, കൊല്ലം യൂണിയൻ വനിതാസംഘം പ്രസിഡന്റ് ഡോ. എസ്. സുലേഖ, സെക്രട്ടറി ഷീലാ നളിനാക്ഷൻ, കൊല്ലം യൂണിയൻ പഞ്ചായത്ത് മെമ്പർ ബി. പ്രതാപൻ എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി എസ്. ദയാനന്ദൻ സ്വാഗതവും വൈസ് പ്രസിഡന്റ് വി. വാസൻ നന്ദിയും പറഞ്ഞു.