കരുനാഗപ്പള്ളി :കരുനാഗപ്പള്ളി കെ.എസ്.ആർ.സി ബസ് സ്റ്റാൻഡിൽ ബസിറങ്ങുന്നതിനിടെ യാത്രക്കാരിയുടെ ബാഗിൽ നിന്നും പണവും മറ്റ് രേഖകളും മോഷ്ടിച്ച നാടോടി സ്ത്രീയെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റു ചെയ്തു. കോയമ്പത്തൂർ റെയിൽവേ പുറമ്പോക്കിൽ താമസിക്കുന്ന ദേവിയെയാണ് (25) കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. മൈനാഗപ്പള്ളി സ്വദേശി സജിനയുടെ പണമാണ് മോഷ്ടിച്ചത്. ശനിയാഴ്ച രാത്രി 8.30നാണ് സംഭവം. ചവറയിൽ നിന്നും ബസിൽ കയറിയ സജിനി കരുനാഗപ്പള്ളി സ്റ്റാൻഡിൽ ഇറങ്ങി. യാത്രക്കാർ ഇറങ്ങുന്ന തിരക്കിനിടയിലാണ് പണം കവർന്നത്. പുറത്തിറങ്ങിയ സജിനി ബാഗ് തുറന്ന് കിടക്കുന്നത് കണ്ട് പരിശോധിക്കുമ്പോഴാണ് പണം നഷ്ടപ്പെട്ടത് അറിയുന്നത്. തുടർന്ന് സജിനി കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇന്നലെ രാവിലെ കെ.എസ്.ആർ.ടി.സ് ബസ് സ്റ്റാൻഡിന് സമീപത്തു നിന്നുമാണ് നാടോടി സ്ത്രീയെ അറസ്റ്റു ചെയ്തത്. പൊലീസ് വാഹനം കണ്ട് ഒളിക്കാൻ ശ്രമിച്ച സ്ത്രീയെ എസ്.ഐ.മാരായ അലോഷ്യസ്, അശോകൻ, എ.എസ്.ഐ ഓമനക്കുട്ടൻ, വനിതാ സിവിൽ ഓഫീസർ ദിപ്തി എന്നിവരാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.