*പ്രൊഫ. കെ. ശശികുമാർ പ്രസിഡന്റ്,
*എം. എൽ അനിധരൻ സെക്രട്ടറി
കൊല്ലം: പുത്തൂർ ശ്രീനാരായണ ഹെൽത്ത് കെയർ സൊസൈറ്റിയുടെ ഇന്നലെ നടന്ന ഭരണസമിതി തിരഞ്ഞെടുപ്പിൽ പ്രൊഫ. കെ. ശശികുമാർ ചെയർമാനായും എം.എൽ. അനിധരൻ സെക്രട്ടറിയായും നേതൃത്വം നൽകിയ പാനൽ ബഹുഭൂരിപക്ഷത്തോടെ വിജയിച്ചു. ചെയർമാൻ പ്രൊഫ. കെ. ശശികുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന വാർഷിക പൊതുയോഗത്തിൽ 35 കോടി രൂപയുടെ ബഡ്ജറ്റും പാസ്സാക്കി. സെക്രട്ടറി എം.എൽ. അനിധരൻ സ്വാഗതം പറഞ്ഞു.
ആയുർവേദ കോട്ടേജുകൾ വിപുലീകരിക്കാനും വിദേശികളെ ആകർഷിക്കത്തക്ക വിധത്തിൽ മെഡിക്കൽ ടൂറിസം വികസിപ്പിക്കാനും നടപടികൾ ആരംഭിക്കും.
പ്രശസ്ത സസ്യശാസ്ത്രജ്ഞനായ ഇട്ടി അച്യുതന്റെ സ്മരണയ്ക്കുവേണ്ടി ശിലാസ്ഥാപനം നടത്തിയ പോസ്റ്റ് ഗ്രാജുവേറ്റ് റിസർച്ച് സെന്റർ ആന്റ് ലൈബ്രറി ഒരു വർഷത്തിനകം പൂർത്തീകരിക്കും. പുതുതായി ലൈസൻസ് കിട്ടിയ ഡെങ്കിപ്പനിക്കുള്ള മരുന്നിന്റെ ഉല്പാദനം വ്യാവസായിക അടിസ്ഥാനത്തിൽ ആരംഭിക്കും. കേന്ദ്ര ഔഷധസസ്യബോർഡുമായും ആയുഷുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ ഗ്രാന്റുകൾ ലഭ്യമാക്കും. ബി.പി.എൽ വിഭാഗത്തിൽപ്പെട്ട കൂടുതൽ രോഗികൾക്ക് സൗജന്യചികിത്സ ഉറപ്പാക്കും. അദ്ധ്യാപക-അനദ്ധ്യാപക വിഭാഗത്തിൽപ്പെട്ട ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ നടപ്പിലാക്കുമെന്ന് ചെയർമാൻ പ്രൊഫ. കെ. ശശികുമാർ പറഞ്ഞു.